ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഎംഡബ്ല്യു കാറിടിച്ച് ബൈക്ക് യാത്രികനായ മാദ്ധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പോണ്ടി ബസാര്‍ സ്വദേശിയായ പ്രദീപ് കുമാറാണ് ദാരുണായി മരിച്ചത്. തെലുങ്കിലെ പ്രമുഖ വാര്‍ത്താചാനലിലെ ക്യാമറാമാനായിരുന്നു ഇയാള്‍. മധുരവോയല്‍-താംബരം എലിവേറ്റഡ് ബൈപ്പാസില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.

അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിക്കുകയായിരുന്നു. അപകടം സംഭവിച്ചതോടെ ഡ്രൈവര്‍ കാറുപേക്ഷിച്ച് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കാറ് കിടക്കുന്ന കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. അപകട സ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെയാണ് പ്രതീപിന്റെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.

മരിച്ച യുവാവ് ബൈക്ക് ടാക്‌സി ഡ്രൈവര്‍ കൂടിയാണെന്നാണ് വിവരം. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.