പാട്ന: റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. മുഫാസില്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുളള നര്‍തിയാഗഞ്ച്- മുസാഫര്‍പൂര്‍ റെയില്‍ സെക്ഷനിലായിരുന്നു അപകടം.

ഫുര്‍ഖാന്‍ ആലം, സമീര്‍ ആലം, ഹബീബുളള അന്‍സാരി എന്നിവരാണ് മരിച്ചത്.ആണ്‍കുട്ടികള്‍ ഇയര്‍ഫോണ്‍ വച്ച് പബ്ജിയില്‍ മുഴുകിയിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് അറിയാതെ പോയതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയത്.

മാതാപിതാക്കള്‍ എത്തി കുട്ടികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. കുട്ടികള്‍ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.