കണ്ണൂർ: അഫ്രീദിനെ മരണം തട്ടിയെടുത്തത് ഒന്നാം വിവാഹവാർഷിക ദിനത്തിൽ. കഴിഞ്ഞ വർഷം മെയ് പതിനഞ്ചിനായിരുന്നു അഫ്രീദിന്റെ വിവാഹം. അതിന്റെ ആഹ്ളാദം പങ്കുവയ്ക്കാനായിരുന്നു സുഹൃത്തുക്കൾക്കൊപ്പം വയനാട്ടിൽ ടൂർ പോയത്. എന്നാൽ വിധി അതു മടങ്ങിവരാനാകാത്ത യാത്രയായി മാറ്റുകയായിരുന്നു.

തളിപറമ്പ് സ്വദേശിയായ അഫ്രീദിന്റെ പിതാവിന്റെ ഇന്നോവയുമെടുത്താണ് ഇവർ ടൂർ പോയത്. തളിപറമ്പ് മന്ന മുസ്ലിം ലീഗ് പ്രസിഡന്റ് ഗ്രാൻഡ് ഹാരിസിന്റെ മകനാണ് മാട്ടൂൽ സ്വദേശിയായ അഫ്രീദ്(23). ഇയാളുടെ സുഹൃത്ത് മാട്ടൂൽ സ്വദേശി എൻ.കെ മുഹമ്മദ് മുനവ്വിറുമാണ്(22) വാഹനാപകടത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്.

ഇവരുടെ സുഹൃത്ത് മാട്ടൂൽ സ്വദേശിയായപി.സി.പി ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ മുനവ്വിറിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാൾ വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്‌ച്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. മാട്ടൂലിൽ നിന്നും ഞായറാഴ്‌ച്ചയാണ് മൂന്നുപേരും ഇന്നോവ കാറിൽ വയനാട്ടിലേക്ക് പുറപ്പെട്ടത്.

മരിച്ച അഫ്രീദിന്റെ പിതാവ് ഹാരിസിന്റെ കാറിലായിരുന്നു യാത്ര. ജില്ലി കയറ്റി വരികയായിരുന്ന വലിയ ടോറസ ്ലോറിയാണ് കാറിലിടിച്ചത്. അപകടത്തിൽ പൂർണമായും കാർ തകർന്നു. നാട്ടുകാരും പൊലിസും ഫയർഫോഴ്സുമാണ് അപകടത്തിൽപ്പട്ടവരെ വാഹനം വെട്ടിപ്പൊളിച്ചു പുറത്തെടുത്തത്. ഒരാൾ സംഭവസ്ഥലത്തു നിന്നു തന്നെ മരിച്ചത്. മറ്റൊരാൾ ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്.

ഹബീബയാണ് അഫ്രീദിന്റെ മാതാവ്.ഭാര്യ: അഫ്രീന(കാസർകോട്) സഹോദരങ്ങൾ: ആദിൽ(സർസയ്യിദ് കോളേജ്) ആദീം. അബ്ദുൽ കരീമാണ് മുഹമ്മദ്മുനവ്വിറിന്റെ പിതാവ്. മാതാവ് : ഷുഹൈബ.സഹോദരി: ഖദീജ. മൃതദേഹങ്ങൾ മാനന്തവാടക ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം സ്വദേശത്തേക്ക് കൊണ്ടുവന്ന് മാട്ടൂൽ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും.