ചെന്നൈ: സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മലയാളി യുവതിക്കുനേരെ ലൈംഗികാതിക്രമം. കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രാമനാഥപുരം സ്വദേശി ലോകേശ്വര(23)നാണ് പിടിയിലായത്. പിടികൂടാൻ എത്തിയപ്പോൾ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. പോലീസുമായുള്ള മല്‍പ്പിടുത്തത്തിനിടെ പ്രതിയുടെ കൈയ്ക്ക് പരിക്ക് പറ്റുകയും ചെയ്തു.

ചെന്നൈ തുറൈപാക്കത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നൈറ്റ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മലയാളി യുവതിയെയാണ് പ്രതി ആക്രമിക്കാൻ ശ്രമിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബോധമില്ലാതെ പ്രതി യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയായിരിന്നു. യുവതി ബഹളംവെച്ചതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മദ്യപിച്ചാണ് പ്രതി അതിക്രമം കാട്ടിയതെന്ന് പോലീസ് പറഞ്ഞു. പ്രതി യുവതിയെ പിന്തുടരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പ്രതിയെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.