മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ സ്ഥിരീകരിച്ചു. ഇതോടെ, ഈ കേസിലെ എല്ലാ അനുമാനങ്ങള്‍ക്കും വിരാമമിട്ടതായി അന്വേഷണ സംഘം അറിയിച്ചു. സുശാന്തിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും നടി റിയ ചക്രവര്‍ത്തിക്ക് കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്താനായില്ലെന്നും സിബിഐ റിപ്പോര്‍ട്ട്.

2020 ജൂണ്‍ 14-നാണ് സുശാന്ത് സിംഗിനെ മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തെപ്പറ്റി ആദ്യം അന്വേഷിച്ച മുംബൈ പൊലീസ് മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബം ആരോപണം ഉയര്‍ത്തിയതോടെ അന്വേഷണം മറ്റ് ഏജന്‍സികളിലേക്കും എത്തുകയായിരുന്നു. മുംബൈ പൊലീസിന് ശേഷം ഇ.ഡി, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നീ ഏജന്‍സികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സിബിഐ അന്വേഷിച്ചത്.

ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തില്‍ 'ധോണി'യായി എത്തിയ സുശാന്ത്, സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ താരം, അവതാരകന്‍, നര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.