ന്യൂഡൽഹി: സുരക്ഷാ വീഴ്‌ച്ചയുടെ പേരിൽ എയർഇന്ത്യയ്‌ക്കെതിരെ നടപടി. എയർ ഇന്ത്യ ഫ്‌ളൈറ്റ് സുരക്ഷാ മേധാവിയെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) സസ്പെൻഡ് ചെയ്തു. ആഭ്യന്തര സുരക്ഷാ ഓഡിറ്റുകൾ, അപകട പ്രതിരോധ പ്രവർത്തനങ്ങൾ, ആവശ്യമായ സാങ്കേതിക ജോലിക്കാർ എന്നിവയിലെ വീഴ്ചകൾ ചൂണ്ടികാട്ടി ഒരു മാസത്തേക്കാണ് നടപടി.

ഡൽഹി, മുംബൈ, ഗോവ എന്നിവിടങ്ങളിൽ എയർ ഇന്ത്യ നടത്തിയതായി പറയുന്ന നിരവധി സുരക്ഷാ പരിശോധനകൾ യഥാർഥത്തിൽ നടന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യാജമാണെന്നും ഡി.ജി.സി.എ പരിശോധനാ സംഘം കണ്ടെത്തി. പൈലറ്റുമാർക്കുള്ള പ്രീ-ഫ്‌ളൈറ്റ് മെഡിക്കൽ പരിശോധനകളിലെ പോരായ്മകൾ, എയർക്രാഫ്റ്റ് ക്യാബിൻ നിരീക്ഷണത്തിലും എയർലൈനിന്റെ സ്പോട്ട് ചെക്കുകളിലും വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്.

എയർ ഇന്ത്യ സുരക്ഷാ ഓഡിറ്റർമാരായി ലിസ്റ്റുചെയ്തിരിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗ്യതകൾ വിമാന സുരക്ഷാ മാന്വുവലിൽ പറഞ്ഞിരിക്കുന്നതുമായി പൊരുത്തപ്പെടുന്നില്ലെന്നും ജൂലൈ 25, 26 തിയതികളിൽ നടത്തിയ ഡി.ജി.സി.എ കണ്ടെത്തി.

കമ്പനിയുടെ ആക്ഷൻ ടേക്കൺ റിപ്പോർട്ട് പരിശോധിച്ച ഡി.ജി.സി.എ ബന്ധപ്പെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എയർ ഇന്ത്യ നൽകിയ മറുപടി പരിശോധിച്ച ശേഷമാണ് സുരക്ഷ മേധാവിക്കെതിരെ ഡി.ജി.സി.എ ഒരു മാസത്തേക്ക് നടപടി സീകരിച്ചത്. ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ എയർ ഇന്ത്യക്കെതിരെ ഡി.ജി.സി.എ സീകരിച്ചിരുന്നു.