- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ആശ്വാസം; തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം തിരിച്ചിറക്കി; അടിയന്തര ലാന്‍ഡിങ് സാങ്കേതിക തകരാറിനെ തുടര്‍ന്ന്; തകരാര്‍ സംഭവിച്ചത് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനത്തിന്
ചെന്നൈ: ആശങ്കകള്‍ ഒഴിഞ്ഞു. ട്രിച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് സുരക്ഷിതമായി തിരിച്ചിറക്കി.
ഷാര്‍ജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നാണിത്. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. വിമാനത്താവളത്തില്‍ ആംബുലന്‍സ് അടക്കം സജ്ജമാക്കിയിരുന്നു. 20 ആംബുലന്‍സുകളാണ് തയ്യാറാക്കിയിരുന്നത്.
വൈകുന്നേരം 5.40ന് പുറപ്പെട്ട വിമാനം 8.20ന് ഷാര്‍ജയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിന് ശേഷം വിമാനത്തിലെ സാങ്കേതിക തകരാറ് പൈലറ്റ് മനസ്സിലാക്കുകയായിരുന്നു. ഇതോടെയാണ് വിമാനം തിരിച്ചു പറന്നത്. രാത്രി 8.10ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ സേഫ് ലാന്‍ഡിംഗ് നടത്തുകയായിരുന്നു.
കനത്ത സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. ലാന്‍ഡിംഗ് ഗിയറിന് ഉള്‍പ്പെടെ പ്രശ്നമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ വലിയ ആശങ്കയാണ് ഉണ്ടായത്.യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും റെഡ് അലേര്‍ട്ടിന് സമാനമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു വിമാനത്താവള അധികൃതര്‍. ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവ് കാരണം ഇന്ധനത്തിന്റെ അളവ് പകുതിക്ക് താഴെയെത്തിച്ച ശേഷം ലാന്‍ഡ് ചെയ്യിക്കാനാണ് ശ്രമിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നത്.