ലണ്ടന്‍: എയര്‍ ഇന്ത്യയുടെ അമൃത്സര്‍-ബര്‍മിങ്ഹാം വിമാനത്തിന് സാങ്കേതി തകരാര്‍ വന്നതോടെ അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടി വന്നു. പൈലറ്റ് വിമാനം സുരക്ഷിതമായി ബര്‍മിങ്ഹാം വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് വിമാനത്തില്‍ റാം എയര്‍ ടര്‍ബൈന്‍ സ്വയമേ പ്രവര്‍ത്തനം ആരംഭിച്ചത്. സാധാരണയായി വിമാനത്തിലെ വൈദ്യുതി സംവിധാനങ്ങള്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമാകുന്ന സാഹചര്യങ്ങളില്‍ അടിയന്തര വൈദ്യുതി ലഭ്യമാക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. പൈലറ്റിന് സംഭവം ഉടന്‍ തന്നെ ശ്രദ്ധയില്‍പ്പെട്ടതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാന്‍ഡിങ് അനുമതി തേടുകയും ചെയ്യുകയായിരുന്നു.

ലാന്‍ഡിങിനുശേഷം വിമാനത്തിന്റെ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക് സംവിധാനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഗുരുതരമായ തകരാറുകള്‍ കണ്ടെത്താനായില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സുരക്ഷാ പ്രോട്ടോകോള്‍ പ്രകാരം പൂര്‍ണ സാങ്കേതിക പരിശോധനയും തുടര്‍ നടപടികളും നടപ്പിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ബര്‍മിങ്ഹാമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്നത്തെ എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കേണ്ടിവന്നു. കഴിഞ്ഞ ദിവസം അമൃത്സറില്‍ നിന്നാണ് ബര്‍മിങ്ഹാമിലേക്കുള്ള ഈ വിമാനയാത്ര ആരംഭിച്ചത്.