ന്യൂഡൽഹി: ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം. വ്യാഴാഴ്ച ടൊറന്റോയിൽ നിന്ന് പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ വിമാനം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിൽ കനത്ത സുരക്ഷാ ജാഗ്രത ഏർപ്പെടുത്തിയിരുന്നു.

വിശദമായ പരിശോധനകൾക്കൊടുവിൽ ലഭിച്ച സന്ദേശം വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ എയർ ഇന്ത്യയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ബോംബ് ഭീഷണി സന്ദേശമാണിത്. ഇതിനു മുൻപ് ബുധനാഴ്ച വൈകുന്നേരം ടെർമിനൽ 3-ൽ ഒരു അജ്ഞാത ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഇൻഡിഗോ എയർലൈനിന് ലഭിച്ച ഇമെയിൽ ഭീഷണിയെത്തുടർന്ന് ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച മുംബൈയിൽ നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും സമാനമായ ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയും സുരക്ഷാ പരിശോധനകൾക്കായി പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തിരുന്നു