ഡൽഹി: ദീപാവലിക്ക് ശേഷമുള്ള നാളുകളിൽ ഡൽഹിയിലെ വായു മലിനീകരണ തോത് നേരിയ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്. നഗരത്തിലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 300-ന് താഴെയായി. ആനന്ദ് വിഹാർ ഒഴികെയുള്ള മിക്കയിടങ്ങളിലും AQI 350-ൽ താഴെയാണ് രേഖപ്പെടുത്തിയത്.

വായു മലിനീകരണം നേരിടാൻ ഈ മാസം 29-ന് ക്ലൗഡ് സീഡിങ് നടത്തുമെന്ന് പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിർസ അറിയിച്ചു. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അനുമതി അനുസരിച്ച് ഒക്ടോബർ 28 മുതൽ 30 വരെയാണ് ക്ലൗഡ് സീഡിങ്ങിന് അനുകൂലമായ സാഹചര്യമുള്ളത്. ക്ലൗഡ് സീഡിങ്ങിന് മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. ഐഐടി കാൺപൂരിൽ നിന്ന് ദില്ലിയിലേക്കുള്ള പറക്കലിലൂടെ വിമാനത്തിന്റെ പ്രകടനവും സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തി.

ദീപാവലിക്ക് പിന്നാലെ വായു ഗുണനിലവാരം മെച്ചപ്പെട്ടെങ്കിലും, നഗരത്തിൽ ഉയർന്ന അന്തരീക്ഷ മലിനീകരണം തുടരുന്നുണ്ട്. ക്ലൗഡ് സീഡിങ് പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ഡൽഹി സർക്കാർ നടത്തുന്നത്.