ന്യൂഡൽഹി: പാക്കിസ്ഥാനിലെ കാമുകനെ കാണാൻ ഇന്ത്യൻ യുവതികൾ പോകുന്നത് പോയ സംഭവങ്ങൾ അടുത്തിടെ ആവർത്തിച്ചിരുന്നു. ഇപ്പോൾ മറ്റൊരു പെൺകുട്ടി പാക്കിസ്ഥാനിലേക്ക് പോകാൻ ജയ്പൂർ വിമാനത്താവളത്തിലെത്തി. 17കാരിയാണ് പാക്കിസ്ഥാനിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയത്. എന്നാൽ, പെൺകുട്ടിയുടെ കൈവശം പാസ്‌പോർട്ടോ വിസയോ ഉണ്ടായിരുന്നില്ല. രാജസ്ഥാനിലെ സികാറിലെ നിന്നുള്ള പെൺകുട്ടിയെ സിഐ.എസ്.എഫ് കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പൊലീസിന് കൈമാറി.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് പെൺകുട്ടി വിമാനത്താവളത്തിലെത്തിയതെന്ന് ഡി.സി.പി ഗ്യാൻചന്ദ് പറഞ്ഞു. എയർപോർട്ട് സ്റ്റാഫിനോട് പാക്കിസ്ഥാനിലേക്കുള്ള ടിക്കറ്റ് ചോദിച്ചു. ഇതൊരു തമാശയാണെന്നാണ് എയർപോർട്ട് ജീവനക്കാർ ആദ്യം കരുതിയത്. എന്നാൽ, തനിക്ക് പാക്കിസ്ഥാൻ പൗരത്വമുണ്ടെന്നും മൂന്ന് വർഷം മുമ്പ് തന്റെ അമ്മായിക്കൊപ്പമാണ് ഇന്ത്യയിലെത്തിയതെന്നും പെൺകുട്ടി പറഞ്ഞു. അമ്മായിയുമായി വഴക്കുണ്ടായെന്നും അതാണ് തിരികെ പാക്കിസ്ഥാനിലേക്ക് പോകാനുള്ള കാരണമെന്നും പെൺകുട്ടി പറഞ്ഞു.

പിന്നീട് എയർപോർട്ട് അധികൃതർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ലാഹോറിലുള്ള കാമുകനെ കാണുന്നതിന് വേണ്ടിയാണ് എയർപോർട്ടിലെത്തിയതെന്ന് പെൺകുട്ടി മൊഴി നൽകിയത്. ഇൻസ്റ്റഗ്രാം വഴിയാണ് കാമുകനുമായി പരിചയപ്പെട്ടതെന്നും പെൺകുട്ടി മൊഴി നൽകി.തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. എ.ടി.എസ്, ഐ.ബി ഉദ്യോഗസ്ഥർ ജയ്പൂർ വിമാനത്താവളത്തിലെത്തി പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തു.