ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. ഡൽഹി വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി മണിക്കൂറുകൾക്കകമാണ് അറസ്റ്റുണ്ടായത്. ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോസന്ദേശത്തിൽ പറഞ്ഞു.

വഖഫ് ബോർഡിന്റെ സ്വത്ത് മറിച്ച് വിറ്റു എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം. കഴിഞ്ഞയാഴ്ച അമാനത്തുള്ള ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഏപ്രിൽ 18ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അമാനുത്തുള്ള ഖാന്റെ വിശദീകരണം.

ഡൽഹി മദ്യനയക്കേസിൽ ആംആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കേജരിവാൾ, മനീഷ് സിസോദിയ എന്നിവരെ ഇഡി അറസ്റ്റ് ചെയിതിരുന്നു. ഇതിനു പിന്നാലെയാണ് വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട് പാർട്ടി എംഎൽഎ അറസ്റ്റിലാകുന്നത്. ബിജെപി സ്വേച്ഛാധിപത്യത്തിന് എതിരെ എഎപി ശക്തമായി പോരാടുമെന്ന് മന്ത്രി അതിഷി എക്‌സിൽ കുറിച്ചു.