ചെന്നൈ: ഇന്ത്യൻ ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറുടെ ഛായാചിത്രങ്ങൾ തമിഴ്‌നാട്ടിലെ കോടതികളിൽനിന്നും എടുത്തുമാറ്റില്ലെന്ന് സംസ്ഥാന നിയമമന്ത്രി എസ്. രഘുപതി. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം നിയമമന്ത്രി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അംബേദ്കറുടെ ഛായാചിത്രങ്ങൾ സംസ്ഥാനത്തെ കോടതികളിൽനിന്ന് മാറ്റാൻ മദ്രാസ് ഹൈക്കോടതി ഉത്തരവുണ്ടെന്നായിരുന്നു റിപ്പോർട്ട്. മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ ജില്ല കോടതികളിലേക്കും സർക്കുലർ അയച്ചെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് സംസ്ഥാനത്ത് അഭിഭാഷകരുടെ പ്രതിഷേധം അരങ്ങേറിയിരുന്നു.

നടപടി ലജ്ജാകരമാണെന്നും സർക്കുലർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി അഭിഭാഷക അസോസിയേഷനുകൾ ആവശ്യപ്പെട്ടിരുന്നു. വിവിധ പാർട്ടികളും വിഷയം ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു.

ഇതോടെ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ നിലപാട് അറിയിക്കണമെന്ന മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദേശപ്രകാരം നിയമമന്ത്രി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണുകയായിരുന്നു. അങ്ങനെയൊരു ഉത്തരവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനൽകിയതായും നിലവിലെ സ്ഥിതി തുടരുമെന്നും കൂടിക്കാഴ്ചക്കുശേഷം നിയമമന്ത്രി എസ്. രഘുപതി പ്രസ്താവനയിൽ പറഞ്ഞു.