- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര് പറഞ്ഞു അവിടെ 'കഷ്ടപ്പാടാണെന്ന്'; ഒരു കാര്യം ചിന്തിക്കൂ..റീൽ അല്ല യഥാർത്ഥ ജീവിതം; അമേരിക്കയിലെ യഥാർത്ഥ ജീവിതത്തെ കുറിച്ച് യുവാവ്

ഡൽഹി: അമേരിക്കയിലെ വിദേശ ജീവിതം പ്രയാസങ്ങൾ നിറഞ്ഞതാണെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് മറുപടിയുമായി യേൽ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥി. ഐഐടി ഡൽഹി പൂർവ വിദ്യാർത്ഥിയായ അമൻ റായ്, താൻ അമേരിക്കയിലേക്ക് മാറിയതിന് ശേഷം ജീവിതത്തിലുണ്ടായ ഗുണകരമായ മാറ്റങ്ങളെക്കുറിച്ച് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
അമേരിക്കയിലെ ജീവിതം 'കഷ്ടപ്പാടാണെന്ന്' വരുത്തിത്തീർക്കുന്ന സോഷ്യൽ മീഡിയ റീലുകൾക്കെതിരെയുള്ള ഒരു മറുപടിയായാണ് തന്റെ അനുഭവം അമൻ പങ്കുവെച്ചത്. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന റോഡുകളെയും മികച്ച അടിസ്ഥാന സൗകര്യങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ബെംഗളൂരുവിലെ റോഡുകളിൽ വാഹനങ്ങൾ ഇടിക്കുമെന്ന ഭയമില്ലാതെ ഓടാൻ പോലും പ്രയാസമായിരുന്നെങ്കിൽ, അമേരിക്കയിലെത്തി രണ്ട് മാസത്തിനുള്ളിൽ തന്റെ ഭാര്യക്ക് ധൈര്യമായി വാഹനം ഓടിക്കാൻ സാധിച്ചുവെന്നും അമൻ ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ കടുത്ത വായു മലിനീകരണത്തിൽ നിന്ന് മാറി അമേരിക്കയിലെ ശുദ്ധവായു ശ്വസിക്കുന്നത് 'അമൃത്' നുകരുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറിച്ചു. സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട് പോലുള്ള ഡെലിവറി സേവനങ്ങൾ ഇല്ലാത്തത് ഒരു കുറവായി കാണുന്നില്ലെന്നും, ആഴ്ചയിലൊരിക്കൽ ആവശ്യമായ സാധനങ്ങൾ വാങ്ങി വെക്കുന്നതിലൂടെ കൂടുതൽ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ കഴിയുന്നുണ്ടെന്നും ഈ യുവാവ് പറയുന്നു.
പഠനത്തോടൊപ്പം ഒരു ബില്യൺ ഡോളർ മൂല്യമുള്ള വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിൽ ജോലി ചെയ്യാൻ സാധിച്ചത് അമേരിക്കയിലെ മികച്ച അവസരങ്ങൾക്ക് ഉദാഹരണമായി അമൻ ചൂണ്ടിക്കാട്ടി. ഹോൺ ശബ്ദങ്ങളും അനാവശ്യ ബഹളങ്ങളുമില്ലാത്ത ശാന്തമായ അന്തരീക്ഷം മാനസികമായി വലിയ സമാധാനം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമന്റെ പോസ്റ്റിന് സാമൂഹ്യ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പിന്തുണച്ചപ്പോൾ, റീച്ചിന് വേണ്ടി മാത്രമായി വിദേശ ജീവിതത്തിലെ കഷ്ടപ്പാടുകൾ മാത്രം പറയുന്ന ഇൻഫ്ലുവൻസർമാർക്കിടയിൽ ഇത്തരം തുറന്നുപറച്ചിലുകൾ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, മറ്റുചിലർ കരിയറിന് മാത്രമല്ല ജീവിതത്തിൽ മുൻഗണന നൽകേണ്ടതെന്ന നിലപാടും സ്വീകരിച്ചു. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ ജീവിതത്തെക്കുറിച്ച് പ്രചരിക്കുന്ന ഏകപക്ഷീയമായ ധാരണകൾക്ക് ഒരു പുതിയ മാനം നൽകുന്നതാണ് ഈ യുവാവിന്റെ അനുഭവം.


