- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവിവാഹിതയായ സഹോദരിയുണ്ടോ, എപ്പോഴാണ് കുഞ്ഞുണ്ടാകുക?'; ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വരുന്നത് വിചിത്രമായ ചോദ്യങ്ങളെന്ന് യുഎസ് വനിത
ഇന്ത്യക്കാരനെ വിവാഹം കഴിച്ച ശേഷം തനിക്ക് സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വരുന്ന വിചിത്രമായ ചോദ്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തി അമേരിക്കൻ യുവതി. ഇന്ത്യൻ സ്വദേശിയായ ദീപക്കിൻ്റെ ഭാര്യ ഹന്നയാണ് തനിക്ക് ലഭിക്കുന്ന അസാധാരണമായ സന്ദേശങ്ങളെക്കുറിച്ച് ഭർത്താവുമായി ചേർന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയത്. തനിക്ക് അവിവാഹിതയായ സഹോദരിയുണ്ടോ എന്നാണ് പലരും അന്വേഷിക്കുന്നതെന്ന് ഹന്ന പറയുന്നു.
സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായ ദീപക്-ഹന്ന ദമ്പതികൾ അടുത്തിടെ പങ്കുവെച്ച വീഡിയോയിലാണ് തങ്ങളുടെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്. 'എന്നെ വിവാഹം ചെയ്തതിന് ശേഷം ആളുകൾ നിന്നോട് ചോദിക്കുന്ന ഏറ്റവും വിചിത്രമായ കാര്യം എന്താണ്?' എന്ന ദീപക്കിൻ്റെ ചോദ്യത്തിന് മറുപടിയായാണ് ഹന്നയുടെ വെളിപ്പെടുത്തൽ.
കമന്റുകളിലും ഇൻബോക്സിലുമായി നിരവധി വിചിത്ര സന്ദേശങ്ങൾ വരാറുണ്ടെന്ന് ഹന്ന പറയുന്നു. 'നിങ്ങൾക്ക് വിവാഹം കഴിക്കാത്ത സഹോദരിയുണ്ടോ?' എന്നാണ് ഭൂരിഭാഗം പേരുടെയും ചോദ്യം. അങ്ങനെയൊരു സഹോദരിയുണ്ടെങ്കിൽ തങ്ങളെ വിവാഹം കഴിപ്പിക്കാമോ എന്നും ചിലർ ആവശ്യപ്പെടാറുണ്ട്. ഇത് വളരെ വിചിത്രമായി തോന്നുന്നുവെന്ന് ഹന്ന കൂട്ടിച്ചേർത്തു. ഇതിനുപുറമെ, മുൻപരിചയമില്ലാത്തവർ പോലും 'എപ്പോഴാണ് കുഞ്ഞുണ്ടാകുക' എന്ന് ചോദിക്കുന്നതായും അവർ വീഡിയോയിൽ പറയുന്നു.
താൻ നേരിടുന്ന ചോദ്യങ്ങളെക്കുറിച്ചും ദീപക് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. തങ്ങളുടേത് പ്രണയവിവാഹമായിരുന്നോ അതോ വീട്ടുകാർ ഉറപ്പിച്ച വിവാഹമായിരുന്നോ എന്നറിയാനാണ് പലർക്കും പ്രധാനമായും ആകാംക്ഷ. ഇതൊരു അറേഞ്ച്ഡ് മാര്യേജ് ആണെന്ന് മറുപടി നൽകിയാൽ, 'പെൺകുട്ടിയെ കണ്ടെത്താൻ മാതാപിതാക്കൾ മിഷിഗണിൽ പോയിരുന്നോ' എന്നായിരിക്കും അടുത്ത ചോദ്യമെന്ന് ദീപക് പറയുന്നു. തങ്ങളുടേത് പ്രണയവിവാഹമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിൽ 'ദീപക് ആൻഡ് ഹന്ന' എന്ന പേരിൽ സജീവമായ ഇവർക്ക് ഒരു ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുണ്ട്. തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും സാംസ്കാരികമായ വ്യത്യാസങ്ങളുമാണ് ഇവർ വീഡിയോകളിലൂടെ പങ്കുവയ്ക്കാറുള്ളത്.