- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതൊരു ബഹുമതിയായി കണക്കാക്കൂ; ഇന്ത്യാ സഖ്യം ബഹിഷ്കരിക്കുന്ന ചാനൽ അവതാരകരോട് ബിജെപി നേതാവ്
ന്യൂഡൽഹി: ഇന്ത്യാ സഖ്യം ബഹിഷ്‌ക്കരിക്കുന്ന ചാനൽ അവതാരകർക്ക് ബിജെപിയുടെ പിന്തുണ. ഈ തീരുമാനം ബഹുമതിയായി കണക്കാക്കണമെന്ന് ചാനലുകളോട് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ബിജെപിയുടെ ഐ.ടി സെൽ ദേശീയ കൺവീനറാണ് മാളവ്യ. ''ഇന്ത്യ സഖ്യം ബഹിഷ്‌കരിക്കാൻ തീരുമാനിച്ച ചാനലുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നു. പ്രതിപക്ഷം ഇഴയുമെന്ന് പ്രതീക്ഷിച്ചപ്പോൾ വളയാൻ പോലും വിസമ്മതിച്ച മാധ്യമപ്രവർത്തകരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. അവരത് ഒരു ബഹുമതിയായി ധരിക്കണം. അവർക്ക് കൂടുതൽ ശക്തി പകരുന്ന തീരുമാനമാണത്.''-എന്നാണ് അമിത് മാളവ്യ എക്‌സിൽ കുറിച്ചത്.
ബുധനാഴ്ച ചേർന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണ് പക്ഷപാതമായി പെരുമാറുന്ന വാർത്ത അവതാരകരുടെ പട്ടിക തയാറാക്കാൻ തീരുമാനിച്ചത്. അതിനു പിന്നാലെ കോൺഗ്രസ് നേതാവ് പവൻ ഖേര ഈ മാധ്യമങ്ങളുടെ പട്ടിക പുറത്തുവിടുകയും ചെയ്തു.
ആജ് തക് എഡിറ്റർ സുധീർ ചൗധരി, റിപബ്ലിക് ടിവിയുടെ അർണബ് ഗോസ്വാമി ഉൾപ്പെടെയുള്ള 14 അവതാരകരുടെ പേരാണ് പട്ടികയിലുള്ളത്. നവിക കുമാർ (ടൈംസ് നെറ്റ്‌വർക്ക്), അർണബ് ഗോസ്വാമി (റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ് (ഡി.ഡി ന്യൂസ്), അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ (ന്യൂസ്18), അതിഥി ത്യാഗി (ഭാരത് എക്സ്പ്രസ്), സുധീർ ചൗധരി, ചിത്ര തൃപാഠി (ആജ് തക്), റുബിക ലിയാഖത് (ഭാരത് 24), ഗൗരവ് സാവന്ത്, ശിവ് അരൂർ (ഇന്ത്യ ടുഡേ), പ്രാച്ഛി പ്രശാർ (ഇന്ത്യ ടി.വി), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികളാണ് ബഹിഷ്‌കരിക്കുക.




