ഗുവാഹത്തി: സാങ്കേതിക കാരണങ്ങളാല്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസമിലെ ആദ്യ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി. ഗുവാഹത്തിയില്‍ നിന്നും സമ്മേളന നഗരിയായ ഗോലക്ഗഞ്ചിലേക്ക് പുറപ്പെട്ടെങ്കിലും ലാന്‍ഡിംഗ് സാധ്യമായില്ല. ഇതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്.

അസമിലെ ഗോലക്ഗഞ്ചില്‍ നിശ്ചയിച്ചിരുന്ന സംസ്ഥാനത്തെ ആദ്യത്തെ റാലിയാണ് മുടങ്ങിയത്. വ്യാഴാഴ്ച മുതല്‍ രണ്ട് ദിവസത്തെ അസം സന്ദര്‍ശനത്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി. ഗോലക്ഗഞ്ചിലെ പരിപാടിക്ക് ശേഷമാണ് ഗോള്‍പാറ ജില്ലയിലെ ദുധ്നോയിയില്‍ റാലി നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച കാംരൂപ് ജില്ലയിലെ പലാഷ്ബാരി മണ്ഡലത്തിലുള്‍പ്പെടെ മൂന്ന് യോഗങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു.