ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ക്ഷീരോല്‍പ്പന്ന ബ്രാന്‍ഡായ അമുല്‍ ഉപഭോക്താക്കള്‍ക്കായി വിലക്കിഴിവ് പ്രഖ്യാപിച്ചു. ബട്ടര്‍, നെയ്, ഐസ്‌ക്രീം, ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 700 ഉല്‍പ്പന്നങ്ങളിലാണ് വില കുറച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ജി.എസ്.ടി. ഇളവുകളുടെ അടിസ്ഥാനത്തിലാണ് വിലക്കുറവ്. ഇതോടെ 100 ഗ്രാം ബട്ടറിന്റെ വില 62 രൂപയില്‍ നിന്ന് 58 രൂപയായി കുറഞ്ഞു. ഒരു ലിറ്റര്‍ നെയ്യിന്റെ വില 610 രൂപയില്‍ നിന്ന് 570 രൂപയായി 40 രൂപ കുറയുകയും 200 ഗ്രാം പനീറിന്റെ വില 99 രൂപയില്‍ നിന്ന് 95 രൂപയായി കുറഞ്ഞു.

വിലക്കുറവ് പ്രഖ്യാപനം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ് അമുല്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ഐസ്‌ക്രീം, വെണ്ണ, ബട്ടര്‍ തുടങ്ങിയവയുടെ ഉപഭോഗം ഉത്സവസീസണില്‍ വന്‍തോതില്‍ കൂടുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കും 36 ലക്ഷം ക്ഷീര കര്‍ഷകര്‍ക്കും ഒരുപോലെ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ''ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുകയും ക്ഷീര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് വിലക്കുറവ് പ്രഖ്യാപിച്ചത്'' അമുല്‍ അധികൃതര്‍ വ്യക്തമാക്കി.

മദര്‍ ഡയറി സെപ്റ്റംബര്‍ 22-ന് വില കുറച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമുല്‍ നടപടിയുമായി രംഗത്തെത്തിയത്. വരാനിരിക്കുന്ന ഉത്സവകാലത്ത് പാലുല്‍പ്പന്നങ്ങളുടെ ഉപഭോഗം വര്‍ധിക്കുന്ന സമയത്ത് തന്നെ പ്രഖ്യാപനം വന്നത് വിപണിയില്‍ മത്സരാധിക്യം ഉറപ്പിക്കുമെന്നാണു കരുതുന്നത്.