ന്യൂഡല്‍ഹി: സിവില്‍ സര്‍വീസില്‍ ഭിന്നശേഷിക്കാര്‍ക്കു സംവരണം നല്‍കുന്നതിനെ വിമര്‍ശിച്ചുള്ള ഐഎഎസ് ഉദ്യോഗസ്ഥയുടെ പ്രതികരണം വിവാദത്തില്‍. തെലങ്കാന കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത സഭര്‍വാള്‍ സാമൂഹ്യമാധ്യമത്തില്‍ നടത്തിയ പ്രതികരണമാണ് വിവാദത്തിലായത്.

സിവില്‍ സര്‍വീസ് ശാരീരിക ക്ഷമത ആവശ്യമുള്ള ജോലിയാണെന്നും ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കുന്നതു ശരിയല്ലെന്നുമുള്ള തരത്തിലായിരുന്നു സ്മിതയുടെ പ്രതികരണം.

"ഭിന്നശേഷിക്കാരോടുള്ള എല്ലാ ബഹുമാനത്തോടെയും പറയുകയാണ്. ഏതെങ്കിലും എയര്‍ലൈനുകള്‍ ഭിന്നശേഷിക്കാരനെ പൈലറ്റായി ജോലിക്കെടുക്കുമോ? ഒരുപാട് സമയം ജോലി ചെയ്യേണ്ടിവരും, സംഭവസ്ഥലങ്ങളില്‍ നേരിട്ടെത്തണം, പൊതുജനങ്ങളുടെ പരാതി നേരിട്ട് കേള്‍ക്കണം ഇതൊക്കെയാണ് സിവില്‍ സര്‍വീസ് ജോലികളുടെ പൊതുസ്വഭാവം. ഇതിനെല്ലാം ശാരീരികക്ഷമത കൂടിയേ തീരൂ. എന്തുകൊണ്ടാണ് ഇത്തരം സര്‍വീസ് ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കുന്നത്." സമൂഹമാധ്യമമായ എക്‌സില്‍ സ്മിത പറഞ്ഞു. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് പോസ്റ്റ് വിവാദമായത്.

വിവാദ പ്രൊബേഷനറി ഓഫിസര്‍ പൂജ ഖേദ്കര്‍ ഇളവുലഭിക്കുന്നതിനായി ഹാജരാക്കിയ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ചര്‍ച്ചയുടെ ഭാഗമായി സ്മിത നടത്തിയ പ്രതികരണമാണു വിവാദമായത്. ഉന്നത ഉദ്യോഗസ്ഥരുടെ ചിന്തകള്‍ എത്ര ചെറുതാണെന്നു തെളിയിക്കുന്നതാണു സ്മിതയുടെ പോസ്റ്റെന്നാണു വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.