- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'30 കോടി ജനങ്ങളുടെ ജീവൻ വെച്ചാണ് കളിക്കുന്നത്, വേണ്ടത് നേതൃത്വമാണ്, മൗനമല്ല'; ശതകോടീശ്വരന്മാർക്ക് വേണ്ടി നിയമങ്ങൾ മാറ്റിയെഴുതുന്നു; അവർ ബുൾഡോസറുകളുമായി വന്ന് മലനിരകൾ ഇടിച്ചുനിരത്തുന്നു; കേന്ദ്ര സര്ക്കാരിനെയും അദാനിയെയും കടന്നാക്രമിച്ച് അർണബ് ഗോസ്വാമി
ന്യൂഡൽഹി: ആരവല്ലി മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനും സുപ്രീം കോടതിക്കുമെതിരെ രൂക്ഷ വിമർശനവുമായി റിപ്പബ്ലിക് ടിവി എഡിറ്റർ-ഇൻ-ചീഫും അവതാരകനുമായ അർണബ് ഗോസ്വാമി. ആരവല്ലി മലനിരകളുടെ നാശത്തെയും രാജ്യത്തെ വായു മലിനീകരണത്തെയും ചൂണ്ടിക്കാട്ടിയാണ് റിപ്പബ്ലിക് ടി.വി. ചർച്ചകളിലൂടെ അർണാബ് കേന്ദ്ര ഭരണകൂടത്തെയും കേന്ദ്ര സര്‍ക്കാരിനും വ്യവസായി ഗൗതം അദാനിയെയും കടന്നാക്രമിച്ചത്. വൻകിട ബിസിനസുകാർ ലാഭത്തിന് വേണ്ടി 1.3 ബില്യൺ വർഷം പഴക്കമുള്ള ആരവല്ലി മലനിരകൾ തകർക്കുകയാണെന്ന് അർണാബ് ആരോപിച്ചു.
സർക്കാർ പണം നൽകുന്ന '15 കോടി രൂപയുടെ അവതാരകൻ' വിഷയത്തിൽ നിശ്ശബ്ദത പാലിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി. അനുകൂല നിലപാടുകളിലൂടെ ശ്രദ്ധേയനായ അർണാബ് ഗോസ്വാമിയുടെ വിമർശനം ദേശീയ തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. അദാനി ഗ്രൂപ്പിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, "വലിയ ശതകോടീശ്വരന്മാർക്ക് വേണ്ടി നിയമങ്ങൾ തിരുത്തിക്കൊണ്ടിരിക്കുകയാണ്. അവർ ബുൾഡോസറുകൾ കൊണ്ടുവന്ന് ആരവല്ലി മലനിരകൾ ഇടിച്ചുനിരത്തുകയാണ്. കോടികൾ ഉണ്ടാക്കാൻ വേണ്ടി പ്രകൃതിയെ തകർക്കാൻ ആരാണ് ഇവർക്ക് അനുവാദം നൽകിയത്?" എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോടിക്കണക്കിന് രൂപയുണ്ടാക്കാൻ നടത്തുന്ന ഈ വികസനം ഭാവിയിൽ വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യം ഒരു ആരോഗ്യ അടിയന്തരാവസ്ഥ നേരിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെയും അർണാബ് ചോദ്യം ചെയ്തു. "പ്രധാനമന്ത്രി എവിടെയാണ്? എന്തുകൊണ്ട് അദ്ദേഹം ഇതിൽ ഇടപെടുന്നില്ല? 30 കോടി ജനങ്ങളുടെ ജീവൻ വെച്ചാണ് കളിക്കുന്നത്. ഞങ്ങൾക്ക് വേണ്ടത് നേതൃത്വമാണ്, മൗനമല്ല," അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ചർച്ചയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് സ്റ്റുഡിയോയിൽ 'ഒഴിഞ്ഞ കസേര' ഇട്ടായിരുന്നു അർണാബിന്റെ പ്രതിഷേധം. മന്ത്രിമാർക്ക് ജനങ്ങളോട് പുച്ഛമാണെന്നും പാർലമെന്റിൽ വന്ന് മറുപടി പറയാൻ അവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുകൾ സുപ്രീം കോടതിയുടെ നിർവചനം പിന്തുടരുകയാണെന്ന് വാദിക്കുമെന്നും ഇത് ആരവല്ലിയുടെ നാശത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാനുള്ള ഒരു തന്ത്രമാണെന്നും അർണബ് പറഞ്ഞു. കോർപ്പറേഷനുകൾക്ക് ഇതിലൂടെ കോടിക്കണക്കിന് രൂപ നേടാമെന്നും രാജസ്ഥാൻ, ഹരിയാന, ഡൽഹി-എൻസിആർ എന്നിവിടങ്ങളിൽ ജലക്ഷാമം വർധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സുപ്രീം കോടതിയുടെ സമീപകാല വിധി പരിസ്ഥിതി പ്രവർത്തകർക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. 100 മീറ്റർ ഉയരം അടിസ്ഥാനമാക്കി ആരവല്ലി മലനിരകളെ നിർവചിക്കുന്ന ഈ വിധി, മലനിരകളുടെ 90% ഭാഗങ്ങളിൽ നിന്നും നിയമപരമായ സംരക്ഷണം നീക്കം ചെയ്തേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് ഡൽഹി-എൻസിആർ, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ വ്യാപകമായ ഖനനത്തിനും വനനശീകരണത്തിനും വഴിയൊരുക്കുമെന്നും മേഖലയിലെ വായു മലിനീകരണം രൂക്ഷമാക്കുമെന്നും ആശങ്കയുണ്ട്.
"നിങ്ങൾക്ക് മലകൾ നശിപ്പിക്കാൻ കഴിയും, എന്നാൽ ഇന്ത്യയിലെ പൗരന്മാരായ ഞങ്ങൾക്ക് അതിനെക്കുറിച്ച് ശബ്ദിക്കാൻ കഴിയില്ലേ? ഇതൊരു ജനാധിപത്യമാണെന്ന് ഞാൻ കരുതി. ഇതൊരു ജനാധിപത്യമാണെങ്കിൽ, 200 കോടി വർഷം പഴക്കമുള്ള ഒരു ആവാസവ്യവസ്ഥയെ – ജീവനുള്ള ഒരു പർവതനിരയെ – ഏത് ജനാധിപത്യ നിയമപ്രകാരമാണ് നശിപ്പിക്കാൻ കഴിയുന്നതെന്ന് ഞാൻ അറിയാൻ ആഗ്രഹിക്കുന്നു," അർണബ് ചോദിച്ചു. "കേന്ദ്രസർക്കാർ പണം നൽകുന്ന 15 കോടി രൂപയുടെ അവതാരകന് ഈ ചോദ്യം ചോദിക്കാൻ കഴിയില്ല. പക്ഷേ, ഞാൻ നിങ്ങളുടെ പേരിൽ ഈ ചോദ്യം ചോദിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. സമീപ ആഴ്ചകളിൽ ബിജെപിക്കെതിരെ അർണബ് ഗോസ്വാമി വിമർശനം ഉന്നയിക്കുന്നത് ഇത് ആദ്യമായല്ല എന്നത് ശ്രദ്ധേയമാണ്.
അർണാബിന്റെ ഈ പെട്ടെന്നുള്ള നിലപാട് മാറ്റം സാമൂഹിക മാധ്യമങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്. സ്ഥിരമായി കേന്ദ്ര സർക്കാരിനെ ന്യായീകരിക്കുന്ന 'ഗോദി മീഡിയ'യുടെ ഭാഗമായി അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഈ നീക്കത്തെ പലരും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. 'പേയ്മെന്റ് വൈകിയതുകൊണ്ടാണോ ഈ മാറ്റം?', 'റേറ്റിംഗ് കൂട്ടാനുള്ള തന്ത്രമാണോ' എന്നിങ്ങനെയുള്ള പരിഹാസങ്ങളും എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിറഞ്ഞു. പ്രതിപക്ഷത്തുനിന്ന് ഉൾപ്പെടെ ശക്തമായ എതിർപ്പുകൾ നേരിടുന്ന വിഷയങ്ങളിൽ, കേന്ദ്രാനുകൂലിയെന്ന് കരുതപ്പെടുന്ന ഒരു മാധ്യമപ്രവർത്തകന്റെ ഈ വിമർശനം ദേശീയ രാഷ്ട്രീയത്തിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.




