ചണ്ഡീഗഡ്: ബിഹാറില്‍ നിന്നുള്ള 15 വയസ്സുകാരനെ ഹരിയാനയില്‍ നിര്‍ബന്ധിതമായി അടിമവേല ചെയ്യിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയിലായി. നാല് മാസത്തെ അന്വേഷണത്തിനൊടുവില്‍ അനില്‍ എന്നയാളെയാണ് ഹരിയാന റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷമാണ് ബിഹാറിലെ കിഷന്‍ഗഞ്ച് സ്വദേശിയായ ബാലന്‍ ഹരിയാനയിലെ ബഹദൂര്‍ഗഡ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൂട്ടുകാരില്‍ നിന്ന് ഒറ്റപ്പെട്ടുപോയത്. ഈ സാഹചര്യം മുതലെടുത്ത പ്രതി കുട്ടിയെ ഒരു ഡയറി ഫാമിലേക്ക് കൊണ്ടുപോവുകയും അടിമവേല ചെയ്യിപ്പിക്കുകയുമായിരുന്നു.

ഫാമിലെ ജോലിത്തിരക്കിനിടെ യന്ത്രത്തില്‍പ്പെട്ട് കുട്ടിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ക്രൂരമായ പീഡനങ്ങള്‍ സഹിക്കവയ്യാതെ പരിക്കേറ്റ നിലയില്‍ അവിടെ നിന്ന് രക്ഷപ്പെട്ട കുട്ടി കിലോമീറ്ററുകളോളം നടന്നാണ് ഹരിയാനയിലെ നൂഹില്‍ എത്തിയത്. ഒരു അധ്യാപകന്‍ കുട്ടിയെ കണ്ടെത്തുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. മനഃശാസ്ത്രപരമായ ആഘാതത്തിലായിരുന്ന കുട്ടിക്ക് തുടക്കത്തില്‍ വ്യക്തമായ മൊഴി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് സൂപ്രണ്ട് നികിത ഗെലോട്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി 200-ലധികം ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറില്‍ നിന്ന് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു.