അഗർത്തല: യാത്രയ്ക്കിടെ, വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് പുറത്തേയ്ക്ക് ചാടാൻ യുവാവിന്റെ ശ്രമം. ഗുവാഹത്തി- അഗർത്തല ഇൻഡിഗോ വിമാനത്തിലാണ് സംഭവം. നൂറ് കണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ച കേസിൽ 41കാരനായ ത്രിപുര സ്വദേശി ബിശ്വജിത്ത് ദേബത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

യാത്രാമധ്യേ എമർജൻസി വാതിൽ തുറന്ന് പുറത്തേയ്ക്ക് ചാടാനാണ് യുവാവ് ശ്രമിച്ചത്. ഇത് കണ്ട് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും തടയാൻ ശ്രമിച്ചു. അതിനിടെ ജീവനക്കാരും യുവാവും തമ്മിൽ അടിപിടിയിൽ കലാശിച്ചതായും റിപ്പോർട്ടുകളുണ്ട്. വിമാനത്തിലെ നൂറ് കണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചതിന് 41കാരനെതിരെ അഗർത്തല എയർപോർട്ട് പൊലീസ് സ്റ്റേഷനാണ് കേസെടുത്തത്. ബിശ്വജിത്ത് ദേബത്തിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് അഗർത്തല പൊലീസ് അറിയിച്ചു.

തനിക്ക് വിഷാദ രോഗമുള്ളതായും യാത്രാമധ്യ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് പുറത്തേയ്ക്ക് ചാടാൻ ശ്രമിച്ചതായും യുവാവ് സമ്മതിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.