തേനി (തമിഴ്‌നാട്): ട്രേഡിങ്ങിനായി നിക്ഷേപിച്ച പണം തിരികെ നല്കാത്തതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ സൈനികൻ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ.

തേനി പള്ളപ്പെട്ടി സ്വദേശി രാജപ്രഭു (29)വിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ജമ്മുവിലെ ഉത്തംപൂരിൽ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന മധുര ജില്ലയിലെ ചെല്ലംപട്ടി സ്വദേശി സോന്ത കുരളരശൻ (24),സുഹൃത്തുക്കളായ ചെല്ലംപട്ടിയിലെ സോന്ത സെൽവപാണ്ടി (26), താരാപുരത്തിനടുത്ത് സൊക്കനാഥപാളയത്തെ സോന്ത നാഗരാജ് (21), വിഘ്നേഷ് (20) എന്നിവരെ അറസ്റ്റിലായത്.

കുരളരശൻ സ്വകാര്യ ട്രേഡിങ് സ്ഥാപനത്തിൽ രാജപ്രഭു മുഖേന ആറുലക്ഷം രൂപ നിക്ഷേപിച്ചതായി പറയുന്നു.നല്കിയ പണവും ലാഭ വിഹിതവും മടക്കി നൽകാൻ പല തവണ ആവശ്യപ്പെട്ടുവെങ്കിലും പണം നൽകാൻ രാജ പ്രഭു തയ്യാറായില്ല.ഇതിൽ പ്രകോപിതനായ കുരളരശൻ സുഹൃത്തുക്കളെയും കൂട്ടി മാർച്ച് 29ന് പള്ളപ്പട്ടികൊടുവിലാർപട്ടി റോഡിൽ എത്തി.

ഈ സമയം ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന രാജപ്രഭുവിനെ തടഞ്ഞുനിർത്തി വാനിൽ തട്ടിക്കൊണ്ടുപോയി താരാപുരത്തിന് സമീപത്തെ കോഴി ഫാമിൽ പൂട്ടിയിട്ടു. ഇവിടെ നിന്ന് രക്ഷപ്പെട്ട രാജപ്രഭു പളനിസെട്ടിപ്പെട്ടി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.