ബെംഗളൂരു: കർണാടക സ്വദേശി അരുൺ യോഗിരാജ് കൊത്തിയെടുത്ത രാം ലല്ല വിഗ്രഹം അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കും. കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അടക്കമുള്ളവർ ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ ശിൽപ്പി ഇക്കാര്യത്തിൽ ഒന്നും അറിയില്ലെന്ന നിലപാടിലാണ്.

തനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ ബിജെപി. നേതാക്കൾ സംസാരിക്കുമ്പോഴാണ് ഈ കാര്യം അറിയുന്നതെന്നുമായിരുന്നു യോഗിരാജിന്റെ പ്രതികരണം. കേദാർനാഥിൽ സ്ഥാപിച്ച ആദി ശങ്കരാചാര്യയുടെ പ്രതിമയും ന്യൂ ഡൽഹിയിൽ ഇന്ത്യ ഗേറ്റിൽ സ്ഥാപിച്ച സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയും നിർമ്മിച്ചത് യോഗിരാജ് ആണ്. ഔദ്യോഗിക അറിയിപ്പ് വന്ന ശേഷമേ ശിൽപ്പി ഇക്കാര്യത്തിൽ പ്രതികരിക്കൂ.

'രാം ജന്മഭൂമിയിൽ സ്ഥാപിക്കുന്ന രാം ലല്ല വിഗ്രഹത്തിന്റെ നിർമ്മാണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ശിൽപികളിൽ ഒരാൾ മാത്രമാണ് ഞാൻ. എച്ച്ഡി കോട്ടയിൽനിന്നുള്ള കൃഷ്ണശില ഉപയോഗിച്ചാണ് 51 ഇഞ്ച് വിഗ്രഹം നിർമ്മിച്ചത്. കമ്മിറ്റിയുടെ നിർദേശപ്രകാരം, യാതൊരുവിധത്തിലുള്ള റഫറൻസുകളുമില്ലാതെ ആത്മീയത സൂക്ഷിച്ചു കൊണ്ടാണ് വിഗ്രഹത്തിന്റെ നിർമ്മാണം. ഏഴ് മാസങ്ങൾക്ക് മുമ്പ് തന്നെ ജോലി ആരംഭിച്ചിരുന്നു. ദിവസവും 12 മണിക്കൂറോളം ഇതിന് വേണ്ടി ചിലവഴിച്ചു. കർണാടകയിലെ ക്ഷേത്രങ്ങളിൽ ആയിരം വർഷങ്ങൾക്ക് മുമ്പ് തന്നെ കൃഷ്ണശില കൊണ്ടുള്ള വിഗ്രഹങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതേ ശില തന്നെയാണ് ആദി ശങ്കരാചാര്യ ശിൽപ്പത്തിനും ഉപയോഗിച്ചിരിക്കുന്നത്' - അരുൺ യോഗി രാജിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ശിൽപ്പി കുടുംബത്തിലായിരുന്നു യോഗിരാജിന്റെ ജനനം. 11 വയസുമുതൽ അദ്ദേഹം പിതാവിനെ ശിൽപ്പ നിർമ്മാണത്തിൽ സഹായിച്ചിരുന്നു. പിന്നീട് എം.ബി.എ. ബിരുദം നേടി. കുറച്ചു കാലം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത യോഗിരാജ് പിന്നീട് പിതാവിന്റെ വഴിയെ ശിൽപ്പങ്ങളുടെ നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു.