- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീത പരിപാടിക്കിടെ വേദിയിൽ വച്ച് കോഴിയുടെ കഴുത്തറുത്ത് ചോര കുടിച്ചു; പുലിവാൽ പിടിച്ച് ഗായകൻ; മാപ്പ് പറഞ്ഞ് തലയൂരാൻ ശ്രമം; കേസെടുത്ത് പോലീസ്
ഗുവാഹത്തി: സംഗീത പരിപാടിക്കിടെ വേദിയിൽ വച്ച് കോഴിയുടെ കഴുത്തറുത്ത് ചോര കുടിച്ച സംഭവത്തിൽ മാപ്പ് അപേക്ഷയുമായി ഗായകൻ രംഗത്ത്. കോൻ വായ് സൺ എന്ന ഗായകനെതിരെയാണ് ആരോപണം ഉയർന്നത്. സംഭവം പുറത്ത് വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിലടക്കം നിരവധി പേർ വിമർശനവുമായെത്തി. തുടർന്ന് ഇയാൾക്കെതിരെ അരുണാചൽ പോലീസ് പോലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഒക്‌ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. അരുണാചലിലെ കിഴക്കൻ കാമെങ് ജില്ലയിലെ സെപ്പ സ്വദേശിയായ കോൻ വായ് ഇറ്റാനഗറിൽ വച്ചുനടന്ന സംഗീത പരിപാടിക്കിടെ കോഴിയുടെ കഴുത്തറുത്ത് രക്തം കുടിക്കുകയായിരുന്നു. ഇയാൾ പ്രദേശത്തെ അറിയപ്പെടുന്ന ഗാനരചയിതാവും സംഗീത സംവിധായകനും സംഗീതജ്ഞനുമാണ്.
കോൻ വായ്‌ക്കെതിരെ മൃഗ സംരക്ഷകരടക്കം നിരവധി പേരാണ് ഇയാൾക്കെതിരെ രംഗത്തെത്തിയത്. തുടർന്ന് മൃഗ സംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് അനിമൽസ് (പെറ്റ) ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇറ്റാനഗർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. മൃഗങ്ങളെ ഉപദ്രവിക്കുന്നത് മാനസിക വൈകല്യം കാരണമാണെന്നും ഇത്തരത്തിലുള്ളവർക്ക് കൗൺസിലിംഗിന് നൽകണമെന്നും പെറ്റ ഇന്ത്യ ശുപാർശ ചെയ്‌തു.
ഫോറൻസിക് റിസർച്ച് & ക്രിമിനോളജി ഇൻ്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് പ്രകാരം മൃഗങ്ങളോടുള്ള ക്രൂരതയിൽ ഏർപ്പെടുന്നവർ കൊലപാതകം, ബലാത്സംഗം, കവർച്ച, ആക്രമണം, ഉപദ്രവം, ഭീഷണികൾ, മയക്കുമരുന്ന് ദുരുപയോഗം എന്നിവ ഉൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ്. ഗായകൻ കടുത്ത ശിക്ഷ നേരിടാനാണ് സാധ്യത.
അതേസമയം, പരിപാടിയുടെ സംഘാടകരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌തിരുന്നു. വിശദ അന്വേഷണത്തിനായി ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാൽ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കോൻ വായ് വേദിയിൽ വച്ച് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് സംഘാടകർ പറഞ്ഞത്. സംഭവം വിവാദമായതോടെ കോൻ വായ് മാപ്പുപറഞ്ഞ് രംഗത്തെത്തി. സംഘാടകർക്ക് ഇതിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.