ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് ദേശീയപാർട്ടി പദവി ലഭിച്ചതിൽ ആഹ്ലാദം രേഖപ്പെടുത്തി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ദേശീയ പാർട്ടിയായത് അത്ഭുതമാണെന്ന് കെജ്രിവാൾ പറഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷ ഇപ്പോൾ ആം ആദ്മി പാർട്ടിയിലുള്ള വിശ്വാസത്തിലാണ്. പൊതുജനം നൽകിയത് വലിയ ഉത്തരവാദിത്തമാണ്. ദൈവാനുഗ്രഹത്താൽ, സത്യസന്ധമായി തന്നെ ഈ ഉത്തരവാദിത്തം നിറവേറ്റും - അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമീഷൻ എ.എ.പിക്ക് ദേശീയ പാർട്ടി സ്റ്റാറ്റസ് നൽകിയത്. കെജ്രിവാൾ പാർട്ടി ഓഫീസ് സന്ദർശിക്കുകയും നേതാക്കന്മാർക്കും അണികൾക്കുമൊപ്പം ദേശീയ പാർട്ടിയായത് ആഘോഷിക്കുകയും ചെയ്തു. എല്ലാ ദേശ വിരുദ്ധ ശക്തികളോടും പോരാടേണ്ടതിനാൽ പാർട്ടി പ്രവർത്തകർ ജയിലിൽപോകാൻ തയാറാകണമെന്നും അദ്ദേഹം എ.എ.പി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പുരോഗതി തടസപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാ ദേശ വിരുദ്ധ ശക്തികളും എ.എ.പിക്ക് എതിരാണ്. എന്നാൽ ദൈവം നമ്മോടൊപ്പമാണ്. ഈ ദേശവിരുദ്ധ ശക്തികളോടല്ലാം പോരാടേണ്ടതിനാൽ പ്രവർത്തകർ എപ്പോഴും ജയിലിൽ പോകാൻ തയാറാകണം. ജയിലിൽ പോകാൻ ഭയമുള്ളവർ പാർട്ടി വിട്ടു പോവുക. ഇന്ത്യയെ ലോകത്തെ മികച്ച ഒന്നാമത്തെ രാജ്യമാക്കാൻ എല്ലാവും എ.എ.പിയിൽ ചേരണം. അതിനായി 9871010101 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക.

ഇത് എ.എ.പിയുടെ പ്രത്യയ ശാസ്ത്രത്തെ ഓർമിക്കാനുള്ള അവസരമാണ്. മറക്കരുത്, ഉറച്ച സത്യസന്ധത, ദേശസ്‌നേഹം, മനുഷ്യത്വം എന്നിവയാണ് എ.എ.പിയുടെ പ്രത്യയശാസ്ത്രത്തിന്റെ നെടുന്തൂണുകൾ. - കെജ്രിവാൾ വ്യക്തമാക്കി.