ന്യൂഡല്‍ഹി: 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു സായുധ സേനാംഗങ്ങള്‍ക്ക് വീര സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് അശോകചക്ര നല്‍കി ആദരിച്ചു. 2025 ജൂണ്‍ 25-ന് സ്പേസ്എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം 'ഗ്രേസ്' വഴിയാണ് ശുഭാംശു ശുക്ല ബഹിരാകശത്തെത്തിയത്.

18 ദിവസമാണ് അദ്ദേഹം ബഹിരാകാശ നിലയത്തില്‍ തങ്ങിയത്. മലയാളായ ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനടക്കം മൂന്ന് പേര്‍ക്ക് കീര്‍ത്തിചക്രയും ലഭിച്ചു. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്ണന്‍. മേജര്‍ അര്‍ഷദീപ് സിങ്, നായിബ് സുബേദാര്‍ ദോലേശ്വര്‍ സുബ്ബ എന്നീ സൈനികര്‍ക്കും കീര്‍ത്തിചക്ര ലഭിച്ചു.

പായ് വഞ്ചിയില്‍ സാഹസികമായി ലോകം ചുറ്റിയ കോഴിക്കോട് സ്വദേശിനി ലെഫ്റ്റനന്റ് കമാന്‍ഡര്‍ കെ. ദില്‍നയ്ക്ക് ശൗര്യചക്രയും ലഭിച്ചു. ലോകസഞ്ചാരത്തില്‍ ദില്‍നയ്ക്കൊപ്പമുണ്ടായിരുന്ന പുതുച്ചേരി സ്വദേശിനി ലെഫ്നന്റ് കമാന്‍ഡര്‍ എ. രൂപയ്ക്കും ശൗര്യചക്രയുണ്ട്.

സായുധ സേനയിലെ 13 പേര്‍ക്കാണ് ശൗര്യ ചക്ര.വീരമൃത്യു വരിച്ച ആറുപേരുള്‍പ്പടെ 70 പേര്‍ക്കാണ് വീര സൈനിക പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി പ്രഖ്യാപിച്ചിരിക്കുന്നത്.