- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യയേയും അനന്തരവനേയും വെടിവച്ചു കൊന്നു; സ്വയം നിറയൊഴിച്ച് എസിപി ജീവനൊടുക്കി; സംഭവം പൂണെയിൽ
പൂണെ: മഹാരാഷ്ട്രയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയെയും അനന്തരവനെയും വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. പൂണെയിലെ അമരാവതിയിലെ എസിപി ഭാരത് ഗെയ്ക്വാദാണ് ഭാര്യയേയും അനന്തരവനേയും വെടിവച്ചു കൊന്ന ശേഷം സ്വയം നിറയൊഴിച്ചത്. ഗെയ്ക്വാദിന്റെ ഭാര്യ മോനി ഗെയ്ക്വാദ്( 44), അനന്തരവൻ ദീപക് ഗെയ്ക്വാദ്(35) എന്നിവരാണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിലെ പുണെയിൽ ഗെയ്ക്വാദിന്റെ ബംഗ്ലാവിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഗെയ്ക്വാദ് ശനിയാഴ്ചയാണ് പുണെയിലെ ബനേർ പ്രദേശത്തുള്ള വീട്ടിലേക്ക് അവധിക്ക് വന്നതെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ മൂന്നേകാലോടെ ഭാര്യയുടെ തലയിൽ വെടിയുതിർത്തു.
വെടിയൊച്ച കേട്ട് എസിപിയുടെ മകനും അനന്തരവനും വാതിൽ തുറന്ന് പുറത്തിറങ്ങി. വാതിൽ തുറന്നപ്പോൾ തന്നെ ദീപക്കിന്റെ നെഞ്ചിലേക്ക് എസിപി വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഗെയ്ക്വാദ് സ്വയം വെടിവച്ച് ജീവനൊടുക്കിയെന്നാണു പൊലീസ് ഭാഷ്യം. വെടിവയ്ക്കാൻ സ്വകാര്യ തോക്കാണ് ഗെയ്ക്വാദ് ഉപയോഗിച്ചതെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടക്കുന്ന സമയത്ത് ഗെയ്ക്വാദിന്റെ മാതാവും രണ്ട് ആൺമക്കളും മറ്റു ബന്ധുക്കളും വീട്ടിലുണ്ടായിരുന്നെന്നാണ് വിവരം. വെടിയൊച്ച കേട്ട ഇവരാണ് വിവരം പൊലീസിൽ അറിയിച്ചത്. ചതുർശൃംഖി പൊലീസ് അധികൃതർ അറിയിച്ചു സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.




