ഗുവാഹത്തി: അസമിലെ കല്‍ക്കരി ഖനിക്കുള്ളില്‍ വെള്ളപ്പൊക്കം. 300 അടി താഴ്ചയിലായി ഒന്‍പത് പേരാണ് കുടുങ്ങി കിടക്കുന്നത്. ഒരാളുടെ മൃതദേഹം കണ്ടെത്തി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സൈന്യത്തിന്റെയും, എന്‍ഡിആര്‍എഫ്, എസ് ഡി ആര്‍ എഫ് സംഘങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാംഗ്‌സോയിലെ കല്‍ക്കരി ഖനിയില്‍ തിങ്കളാഴ്ചയാണ് സംഭവം.

അതേസമയം, മൂന്ന് തൊഴിലാളികളുടെ മൃതദേഹം ലഭിച്ചുവെന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ആ വാര്‍ത്ത അധികൃതര്‍ തള്ളി. 48 മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്താനായത്. ഖനി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനും, ഇന്ത്യയില്‍ നിരോധിച്ച ഖനനരീതി പിന്തുടര്‍ന്നതിനും ഒരാളെ അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മ്മ പറഞ്ഞു. ഖനിയുടമക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

30 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എട്ട് തദ്ദേശ ദുരന്തനിവാരണ സേനാംഗങ്ങളും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ സാങ്കേതിക വിദ്യകളുള്ള പമ്പുകള്‍ ഉടനെത്തിച്ച് പരമാവധി വേഗത്തില്‍ വെള്ളം വറ്റിക്കാനാണ് ശ്രമം നടക്കുന്നത്. പ്രദേശത്തെ മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണെന്നും ഹിമന്ത് ബിശ്വശര്‍മ്മ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.