- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ പൊലീസിനെതിരെ ആക്രമണം; തലയോട്ടിയിൽ അമ്പ് തുളച്ചു കയറി; ഗുരുതര പരിക്ക്
പാറ്റ്ന: ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം. ഭൂമി കൈയ്യേറ്റം നടന്നുവെന്ന പരാതിയിൽ സംഭവ സ്ഥലം സന്ദർശിക്കവെയാണ് ആക്രമണം നടന്നത്. ഇരുന്നൂറോളം പേരടങ്ങുന്ന സംഘമാണ് വനിത എസ്ഐ യുൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. അമ്പും വില്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ എസ്ഐയുടെ തലയോട്ടി തുളച്ച് അമ്പ് കയറി.
പരിക്കേറ്റ മഹൽഗാവ് പോലീസ് സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടർ നുസ്രത്ത് പർവീനിനെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുർണിയയിലെ മാക്സ് ആശുപത്രിയിലാണ് ഉദ്യോഗസ്ഥയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ ബിഹാറിലെ അരാരിയയിൽ ജോക്കിഹാട്ട് എന്ന ഗ്രാമത്തിലായിരുന്നു സംഭവം. ഭൂപ് നാരായൺ യാദവ് എന്നയാളുടെ പരാതിയിലാണ് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഭൂമി തർക്കം പരിഹരിക്കാൻ മഹൽഗാവ് പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ നുസ്രത്ത് പർവീനും പൊലീസ് സംഘവും സ്ഥലത്തെത്തിയത്.
'ക്രമസമാധാനപാലനത്തിനായി മഹൽഗാവ് പോലീസ് സ്റ്റേഷൻ മേധാവിയും, സേനയും സംഭവസ്ഥലത്ത് എത്തിയപ്പോൾ ജനക്കൂട്ടം പോലീസിനെ പ്രകോപനമില്ലാതെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു. തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു ഇവർ പൂർണിയയിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ, സംഭവസ്ഥലത്ത് ക്രമസമാധാനം നിലനിർത്തുന്നതിനായി പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്, തുടർന്ന് സ്ഥിതി ശാന്തമായിട്ടുണ്ട്.' എന്ന് പോലീസ് അധികൃതർ പറഞ്ഞു.
ഭൂപ് നാരായൺ എന്നയാളുടെ പേരിലാണ് ഭൂമിയെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് വ്യക്തമാക്കിയത്. ഈ ഭൂമി ഒരു സംഘമാളുകൾ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയാണ് പൊലീസിന് ലഭിച്ചിരുന്നത്.
ചികിത്സയിലുള്ള വനിതാ എസ്ഐ നുസ്രത്ത് പർവീനിന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് അരാരിയ പൊലീസ് സൂപ്രണ്ട് അമിത് രഞ്ജൻ പറഞ്ഞു. സംഭവ സ്ഥലം സന്ദർശിച്ചതായും പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചതായും എസ്പി വ്യക്തമാക്കി.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ ഒളിവിലാണ്. ഇവർക്കെതിരെ സെക്ഷൻ 112 സഹിതം ചാർജ് ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.