ബെംഗളൂരു: കർണാടകയിലെ ഹോസകോട്ടയിലെ സുളുബലെയിൽ സാമ്പത്തിക പ്രയാസങ്ങൾ മാറുന്നതിനായി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ ശ്രമം. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. സുളുബലെയിലെ ജനത കോളനിയിൽ സെയ്ദ് ഇമ്രാൻ എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായാണ് കുഞ്ഞിനെ ബലി നൽകാൻ ശ്രമം നടന്നതെന്നാണ് വിവരം. വില കൊടുത്തുവാങ്ങിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ബലി നൽകാൻ ശ്രമിച്ചത്. വീട്ടിൽ ബലിത്തറ തയ്യാറാക്കി ബലിക്കുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതിനിടെയാണ് അയൽവാസികൾ വിവരം ചൈൽഡ് ലൈനെ അറിയിച്ചത്. തുടർന്ന് അധികൃതർ സ്ഥലത്തെത്തി ശ്രമം തടയുകയും കുഞ്ഞിനെ സുരക്ഷിതമായി മാറ്റുകയും ചെയ്തു.