- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജനങ്ങള്‍ അവര്‍ക്ക് തോന്നിയ പോലെ ഊഹിച്ചോട്ടെ; അദ്ദേഹം നല്‍കിയത് എത്ര തുകയെന്ന് ആരോടും പറയില്ല; അത് അദ്ദേഹത്തിന് നല്‍കിയ വാക്കാണ്; ആ വാക്കില്‍ ഉറച്ച് നില്ക്കും; അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച നിമിഷം എന്റെ ജീവിതം മാറ്റി മറിച്ചു': സെയ്ഫിനെ രക്ഷിച്ച ഓട്ടോ ഡ്രൈവര്‍
മുംബൈ: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ മോഷ്ടാവിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോ ഡ്രൈവറാണ്. തന്നെ ജീവന്‍ രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ ഭജന്‍ സിങ് റാണയോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് സെയ്ഫ് അലി ഖാന്‍ പറഞ്ഞിരുന്നു. നന്ദിയില്‍ മാത്രം ഒതുക്കാതെ സെയ്ഫ് അദ്ദേഹത്തിന് സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഒരു വാര്‍ത്താ ഏജന്‍സി നല്‍കിയ അഭിമുഖത്തില്‍ റാണ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
സെയ്ഫ് അലി ഖാന്‍ അരലക്ഷം രൂപയാണ് നല്‍കിയതെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ തുക എത്രയെന്ന് വെളിപ്പെടുത്താന്‍ റാണ തയ്യാറായിട്ടില്ല. 'ഞാന്‍ അദ്ദേഹത്തിന് ഒരു ഉറപ്പ് നല്‍കിയിട്ടുണ്ട്. അതില്‍ വിട്ടുവീഴ്ച ചെയ്യില്ല. ജനങ്ങള്‍ അവര്‍ക്ക് തോന്നിയ പോലെ ഊഹിച്ചോട്ടെ' -സെയ്ഫ് അലി ഖാന്‍ നല്‍കിയ തുക എത്രയാണെന്ന ചോദ്യത്തിന് റാണയുടെ മറുപടി ഇതായിരുന്നു.
അദ്ദേഹം അരലക്ഷമോ ഒരു ലക്ഷമോ നല്‍കിയെന്നൊക്കെ ജനങ്ങള്‍ പറയുന്നുണ്ട്. തുക ഞാന്‍ പക്ഷേ, വെളിപ്പെടുത്തില്ല. നല്‍കിയത് എത്രയെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് നല്‍കിയ വാക്കില്‍ ഞാന്‍ ഉറച്ചുനില്‍ക്കും. അത് എത്ര തുകയായാലും ഞാനും അദ്ദേഹവും തമ്മില്‍ മാത്രമുള്ള കാര്യമാണ്' -റാണ വിശദീകരിച്ചു. അതേസമയം, സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ച ശേഷം സാമൂഹിക പ്രവര്‍ത്തകനായ ഫൈസാന്‍ അന്‍സാരി 11,000 രൂപ തനിക്ക് നല്‍കിയതായി റാണ വെളിപ്പെടുത്തി.
ഉത്തരാഖണ്ഡ് സ്വദേശിയാണ് റാണ. ഖറിലെ ഒറ്റമുറി ഫ്‌ലാറ്റില്‍ മറ്റു നാലു പേര്‍ക്കൊപ്പമാണ് റാണയുടെ താമസം. 15 വര്‍ഷമായി അദ്ദേഹം മുംബൈയില്‍ ഓട്ടോ ഓടിക്കുന്നു. പ്രതിമാസം 10,000 മുതല്‍ 20,000 രൂപ വരെയാണ് ഓട്ടോ ഓടിച്ച് റാണ സമ്പാദിക്കുന്നത്. പലപ്പോഴും രാത്രിയിലും ഓട്ടോ ഓടിക്കാറുണ്ട്. അങ്ങനെയൊരു ദിവസത്തിലാണ് സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത്.
'ജോലിസ്ഥലത്ത് അന്ന് എല്ലാം പതിവ് പോലെയായിരുന്നു. 15 വര്‍ഷത്തിനിടെ ഒരു സെലിബ്രിറ്റിയും എന്റെ ഓട്ടോയില്‍ യാത്ര ചെയ്തിട്ടില്ല. അന്ന് സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ കൊണ്ടുപോയതിനുശേഷം എന്റെ ജീവിതം മാറിമറിഞ്ഞു. ഇന്ന്, എല്ലാവരും എന്നെ തിരിച്ചറിയുന്നു. അദ്ദേഹം പറഞ്ഞു.
'ചൊവ്വാഴ്ചയാണ് ഞാന്‍ സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ ചെന്നുകണ്ടത്. തന്നെ ഉടനടി ആശുപത്രിയിലെത്തിച്ചതിന് നന്ദി പറയാനാണ് അദ്ദേഹം എന്നെ വിളിച്ചത്. അദ്ദേഹം എന്നെ അഭിനന്ദിച്ചു. അമ്മയെ എനിക്ക് പരിചയപ്പെടുത്തി. ഞാന്‍ അവരുടെ കാല്‍ തൊട്ടുവന്ദിച്ചു. അദ്ദേഹം എനിക്ക് പണം തന്നു. എനിക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം കൂടെ ഉണ്ടാകുമെന്നും പറഞ്ഞു'.
ഖാനെ തന്റെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന വാര്‍ത്തക്കുപിന്നാലെ മാധ്യമങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം നിരന്തരം ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും റാണ പറഞ്ഞു. ജനുവരി 16ന് ബാന്ദ്രയിലെ 12-ാം നിലയിലുള്ള തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കവര്‍ച്ചാ ശ്രമത്തിനിടെയാണ് 54 കാരനായ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. കഴുത്തിനും കൈക്കും പുറത്തും ആറു കുത്തുകളേറ്റ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. സ്വകാര്യ ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ശേഷമാണ് നടന്‍ സുഖം പ്രാപിച്ചത്.