ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്ത പോലീസുകാർക്ക് നേരെ ഓട്ടോ ഡ്രൈവറുടെ പരാക്രമം. പാമ്പിന്റെ തലയിൽ പിടിച്ച് കയിൽ ചുറ്റി വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഹൈദരാബാദിലെ ചന്ദ്രയാൻഗുട്ട ട്രാഫിക് പോലീസ് സ്റ്റേഷനിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. വാഹനം വിട്ടുനൽകാൻ ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ പരാക്രമം.

പതിവ് പരിശോധനകൾക്കിടെയാണ് ഓട്ടോ ഡ്രൈവറായ യുവാവ് മദ്യപിച്ചിരുന്നതായി വ്യക്തമായത്. തുടർന്ന് ട്രാഫിക് പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും മദ്യപിച്ച് വാഹനം ഓടിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്ന് അറിയിച്ച് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേസ് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനിടെ യുവാവ് കൈകൂപ്പി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വാഹനത്തിൽ നിന്ന് സാധനങ്ങൾ മാറ്റാൻ പോലീസ് ആവശ്യപ്പെട്ടതോടെ, ഓട്ടോറിക്ഷയുടെ സമീപമെത്തിയ യുവാവ് വാഹനത്തിൽ നിന്ന് ഒരു പാമ്പിനെ എടുത്ത് പോലീസുകാർക്ക് നേരെ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. പാമ്പിന്റെ തലയിൽ പിടിച്ച് കയ്യിൽ ചുറ്റിച്ചുകൊണ്ടായിരുന്നു ഇയാളുടെ സാഹസം. കേസ് റദ്ദാക്കി വാഹനം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.

ചുറ്റുംകൂടിനിന്നവർക്ക് നേരെയും ഇയാൾ പാമ്പിനെ വീശി. ആദ്യം പാമ്പിനെ കണ്ട് പോലീസുദ്യോഗസ്ഥർ ചിതറിയോടിയെങ്കിലും, യുവാവിന്റെ കൈവശമുള്ളത് ചത്ത പാമ്പാണെന്ന് പിന്നീട് വ്യക്തമായി. ഇതോടെ പോലീസ് തിരികെ എത്തുകയും യുവാവ് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു.