ബെംഗളൂരു: ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ തന്റെ ഓട്ടോറിക്ഷയിൽ ഒരു ജോഡി ജിമിക്കി കമ്മലുകൾ തൂക്കിയിട്ട ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറുടെ മനോഹരമായ കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായി. കണ്ടന്റ് ക്രിയേറ്ററായ മെരിലിൻ സുൽത്താന അകാന്ദ് ഇൻസ്റ്റഗ്രാമിലൂടെ ഈ ദൃശ്യം പങ്കുവെച്ചതോടെയാണ് വിഷയം പൊതുശ്രദ്ധ നേടിയത്.

ഓട്ടോയുടെ മുൻവശത്തെ ഗ്ലാസിന് മുകളിലായി ഡ്രൈവർ ഭാര്യയുടെ ചിത്രം പതിപ്പിച്ചിരുന്നു. എന്നാൽ, റിയർവ്യൂ മിററിൽ തൂക്കിയിട്ടിരുന്ന ജിമിക്കി കമ്മലുകളാണ് യാത്രക്കാരുടെയും നെറ്റിസൺസിന്റെയും ശ്രദ്ധ പ്രധാനമായും ആകർഷിച്ചത്. വാഹനം ഓടുമ്പോൾ ഈ കമ്മലുകൾ മെല്ലെ അനങ്ങുന്നത്, ഭാര്യയുടെ സാമീപ്യം എപ്പോഴും കൂടെയുണ്ടെന്ന് തോന്നിപ്പിക്കാൻ ഡ്രൈവർ നടത്തിയ ഈ ചെറിയ പ്രവൃത്തി പലരുടെയും കണ്ണുനനയിച്ചു.

'ആ ഓട്ടോ യാത്രക്കാരെ വഹിക്കുന്നുണ്ടാകാം, പക്ഷേ അദ്ദേഹത്തിന്റെ ഹൃദയം വഹിക്കുന്നത് അവളെയാണ്. ഒരു പുരുഷൻ നിങ്ങളെ സത്യസന്ധമായി സ്നേഹിക്കുമ്പോൾ, അയാളുടെ ദിനചര്യയുടെ ഭാഗമായി നിങ്ങളും മാറും' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. 'ഇതാണ് യഥാർത്ഥ പ്രണയം', 'ലളിതമെങ്കിലും അർത്ഥവത്തായ ഒന്ന്', 'എല്ലാ നായകന്മാരും കോട്ടണിഞ്ഞവരല്ല, ചിലർ ഓട്ടോ ഓടിക്കുന്നവരാണ്, സ്നേഹം എപ്പോഴും കൂടെക്കൂട്ടുന്നവരാണ്' എന്നിങ്ങനെ നിരവധി ഹൃദയസ്പർശിയായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

ദിവസം മുഴുവൻ ഭാര്യയുടെ കമ്മലുകൾ കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്നത് എത്ര മനോഹരമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. വലിയ ആഘോഷങ്ങളില്ലാതെ, ഓരോ നിമിഷവും പ്രിയപ്പെട്ടവർക്കായി നീക്കിവെക്കുന്ന സാധാരണക്കാരുടെ ഇത്തരം പ്രണയങ്ങൾക്കാണ് ഈ വീഡിയോ വലിയ പ്രാധാന്യം നൽകുന്നത്.