ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായിയിരിക്കെ യോഗാ ഗുരു ബാബാ രാംദേവ് നടത്തിയ പ്രസ്താവനകളിൽ കടുത്ത വിമർശനം. 'രാജ്യം പുരോഗമിക്കുമ്പോൾ സ്വാഭാവികമായും കുറച്ച് പൊടിയൊക്കെ പറക്കും' എന്ന് മലിനീകരണത്തെക്കുറിച്ച് പ്രതികരിച്ച രാംദേവ്, എയർ പ്യൂരിഫയറുകൾ 'സമ്പന്നരുടെ ഒരു ഫാഷൻ' ആണെന്നും പറഞ്ഞു. യോഗ, മാസ്കുകൾ, കർട്ടനുകൾ എന്നിവയാണ് മലിനീകരണത്തെ നേരിടാനുള്ള മാർഗ്ഗങ്ങളായി അദ്ദേഹം നിർദ്ദേശിച്ചത്.

ഒരു ടെലിവിഷൻ ചാനൽ പരിപാടിയിൽ സംസാരിക്കവെ, മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പുറത്ത് എങ്ങനെ വ്യായാമം ചെയ്യുമെന്ന ആജ് തക് അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് രാംദേവ് ഈ പ്രസ്താവന നടത്തിയത്. ഡൽഹിയിലെ വായു മലിനീകരണം ഒരു സ്ഥിരം വാർഷിക പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, 'അതെ, ഡൽഹി ചിലപ്പോൾ ഒരു ഗ്യാസ് ചേമ്പർ പോലെയാകും. അപ്പോൾ നിങ്ങൾ സ്വന്തം വീടുകളിൽ കർട്ടനുകൾ ഇടണം' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗങ്ങളെ പൊതുവെ ചെറുക്കാൻ യോഗാഭ്യാസം ചെയ്യണമെന്ന് നിർദ്ദേശിച്ച ബാബാ രാംദേവ്, ഡൽഹിയിലും വടക്കേ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വായു മലിനീകരണത്തിനെതിരെ പോരാടാൻ ചില വ്യായാമങ്ങളും നിർദ്ദേശിച്ചു. ഡൽഹിയിലെ വായു മലിനീകരണത്തെക്കുറിച്ചുള്ള രാംദേവിന്റെ ഈ അഭിപ്രായങ്ങൾ വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.