ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ നദീതീരത്ത് മണ്ണിനടിയിൽ ജീവനോടെ കുഴിച്ചിടപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഷാജഹാൻപുരിലെ ബഹ്‌ഗുൽ നദീതീരത്താണ് സംഭവം. കന്നുകാലികളെ മേയ്ക്കാൻ എത്തിയ ആട്ടിടയനാണ് ജീവനുവേണ്ടി പിടയുന്ന കുഞ്ഞിന്റെ കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്.

പാലത്തിനടിയിലെ മണ്ണിനടിയിൽ നിന്ന് കരച്ചിൽ കേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഒരു മൺകൂനയിൽ നിന്ന് പുറത്തേക്ക് നീണ്ട കുഞ്ഞിന്റെ കൈ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ, തലയൊഴികെയുള്ള ശരീരഭാഗങ്ങൾ മണ്ണിനടിയിലാണെന്ന് കണ്ടെത്തുകയായിരുന്നു. മണ്ണിൽ നിന്ന് പുറത്തെടുത്തപ്പോൾ കുഞ്ഞിനെ ഉറുമ്പുകൾ പൊതിഞ്ഞിരുന്നതായും രക്തം വാർന്ന നിലയിലായിരുന്നെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവമറിഞ്ഞെത്തിയ പൊലീസ്, പെൺകുഞ്ഞിനെ ഉടൻതന്നെ സമീപത്തുള്ള ആരോഗ്യകേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജിലും വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാജേഷ് കുമാറിൻ്റെ നിഗമനപ്രകാരം കുട്ടിക്ക് ഏകദേശം 15 ദിവസത്തോളം പ്രായമുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് അപകടനില തരണംചെയ്തിട്ടില്ല.

ഒരു അടി താഴ്ചയിലാണ് കുഞ്ഞിനെ കുഴിച്ചിട്ടതെങ്കിലും, ശ്വാസമെടുക്കാനായി മണ്ണിൻ്റെ ഭാഗങ്ങൾ വിടവോടെയിരുന്നതിനാലാണ് കുട്ടിക്ക് ജീവൻ നിലനിർത്താനായതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.