- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം
ന്യൂഡൽഹി: കാനറ ബാങ്കിൽ നിന്ന് 538 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന് ഇടക്കാലം ജാമ്യം. ബോംബെ ഹൈക്കോടതിയാണ് നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാരണങ്ങൾ കണക്കിലെടുത്താണ് ജാമ്യം.
വായ്പ തട്ടിപ്പു കേസിൽ കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. ജസ്റ്റിസ് എൻ.ജെ. ജമാദാറിന്റെ ഏകാംഗ ബെഞ്ചാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ജാമ്യം നൽകാൻ ഉത്തരവിട്ടത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ മുംബൈ വിട്ടുപോകരുതെന്നും വ്യവസ്ഥയുണ്ട്. പാസ്‌പോർട്ട് കോടതിയിൽ സറണ്ടർ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
അർബുദത്തോട് പോരാടുന്ന തന്റെയും ഭാര്യയുടെയും ആരോഗ്യം കണക്കിലെടുത്തും മാനുഷിക പരിഗണന നൽകിയും ജാമ്യം അനുവദിക്കണമെന്നായിരുന്നു 75കാരനായ ഗോയൽ കോടതിയോട് ആവശ്യപ്പെട്ടത്. 2023 നവംബറിലാണ് ഇ.ഡി ഗോയലിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തത്. പ്രായവും ആരോഗ്യവും പരിഗണിച്ച് അന്ന് തന്നെ വിചാരണ കോടതി അനിത ഗോയലിന് ജാമ്യം അനുവദിച്ചിരുന്നു.
ഫെബ്രുവരിയിൽ ഗോയലിന് ജാമ്യം നിഷേധിച്ച പ്രത്യേക കോടതി അദ്ദേഹത്തിന് ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പോകാൻ അനുമതി നൽകുകയുണ്ടായി. തുടർന്നാണ് അദ്ദേഹം ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. അവസാന നാളുകളിൽ ഭാര്യക്കൊപ്പം കഴിയണമെന്ന ഗോയലിന്റെ ആഗ്രഹം മാനിക്കണമെന്ന് അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയോട് അഭ്യർത്ഥിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വിമാന കമ്പനികളിൽ ഒന്നായിരുന്ന ജെറ്റ് എയർവേയ്‌സ് 2019ൽ സർവീസ് അവസാനിപ്പിച്ചിരുന്നു.