ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെതിരേ നടത്തിയ പരാമര്‍ശത്തില്‍ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ.എഫ്.ഐ.) മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ വിമര്‍ശനം കടുപ്പിച്ച് ഗുസ്തി താരം ബജ്രംഗ് പുനിയ. വിനേഷിന്റെ അയോഗ്യത ആഘോഷിച്ചവര്‍ ദേശഭക്തരാണോ എന്നും ബജ്രംഗ് പുനിയ ചോദിച്ചു.

ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ വിനേഷ് തട്ടിപ്പ് കാണിച്ചുവെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡല്‍ നഷ്ടം എന്നുമായിരുന്നു ബ്രിജ് ഭൂഷണ്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് രൂക്ഷഭാഷയില്‍ വിമര്‍ശനവുമായി ബജ്രംഗ് എത്തിയത്.

ബ്രിജ്ഭൂഷണിന് രാജ്യത്തോടുള്ള മനോഭാവമാണ് വിനേഷിനെതിരായ പ്രസ്താവനയിലൂടെ വ്യക്തമായത്. അത് വിനേഷിന്റെ മെഡല്‍ ആയിരുന്നില്ല. അത് 140 കോടി ഇന്ത്യക്കാരുടെ മെഡല്‍ ആയിരുന്നു. അയാള്‍, അവളുടെ നഷ്ടത്തില്‍ ആഹ്ലാദിക്കുകയാണ്, ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബജ്രംഗ് പുനിയ പ്രതികരിച്ചു. പാരീസ് ഒളിമ്പിക്സിലെ വിനേഷിന്റെ മെഡല്‍ നഷ്ടം ദേശീയദുഃഖമാണ്. എന്നാല്‍ ബി.ജെ.പിയുടെ ഐ.ടിയ സെല്‍ അവളെ അപഹസിച്ചും മോശക്കാരിയായി ചിത്രീകരിച്ചും പ്രചാരണം നടത്തിയെന്നും ബജ്രംഗ് ആരോപിച്ചു.

രാജ്യത്തിനുവേണ്ടി ചെറുപ്പംമുതല്‍ പോരാടുന്നവരാണ് ഞങ്ങള്‍. എന്നിട്ട് അവര്‍ ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കാന്‍ മുതിര്‍ന്നു. അവര്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയാണ്, ബജ്രംഗ് ആരോപിച്ചു.

ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക അതിക്രമ ആരോപണങ്ങളുടെയും പ്രതിഷേധ സമരത്തിന്റെയും കാലത്ത് വനിതാ ഗുസ്തിതാരങ്ങള്‍ക്കൊപ്പം ഉറച്ചുനിന്ന താരമായിരുന്നു ബജ്രംഗ് പുനിയ. വെള്ളിയാഴ്ച വിനേഷിനൊപ്പം അദ്ദേഹവും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തിരുന്നു.വിനേഷിന്റെ അയോഗ്യത ആഘോഷിച്ചവര്‍ ദേശഭക്തരാണോ? വിനേഷിന്റെ നഷ്ടത്തില്‍ ബ്രിജ് ഭൂഷണ്‍ ആഹ്ലാദിക്കുന്നുവെന്ന് ബജ്രംഗ് പുനിയ