ന്യൂഡൽഹി: ഡൽഹിയിലെ ആംആദ്മി- കോൺഗ്രസ് കൂട്ടുകെട്ട് ഫലം ചെയ്യില്ലെന്നും മുഴുവൻ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥി ബാംസുരി സ്വരാജ്. ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കൂടിയാണ് അന്തരിച്ച ബിജെപി നേതാവ് സുഷമാ സ്വരാജിന്റെ മകൾ ബാംസുരി.

കോൺഗ്രസ് -എഎപി കൂട്ടുകെട്ട് സ്വർത്ഥ താത്പര്യത്തിൽ അധിഷ്ഠിതമാണെന്നും അത് ബിജെപിയുടെ സാധ്യതകളെ ബാധിക്കില്ലെന്നും ബാംസുരി പറഞ്ഞു. ഇത്തവണ ബിജെപി നാന്നൂറ് സീറ്റുകൾ നേടുമെന്നത് യാഥാർഥ്യമാകുമെന്നും ബാംസുരി പറഞ്ഞു.

കഴിഞ്ഞ പത്തുവർഷത്തെ വികസനനേട്ടങ്ങളുമായാണ് തങ്ങൾ ജനങ്ങളെ സമീപിക്കുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം മോദി സർക്കാർ പാലിച്ചു. രാമക്ഷേത്ര നിർമ്മാണം, ആർട്ടിക്കിൾ 370 എടുത്തുകളയുമെന്ന് പറഞ്ഞത്, നിയമസഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം തുടങ്ങി പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും പാലിച്ചതായി ബാംസുരി അവകാശപ്പെട്ടു.

തനിക്ക് ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് സ്വരാജ് പറഞ്ഞു. സുഷമസ്വരാജിനെ പോലെ ഒരമ്മയെ കിട്ടിയത് തന്റെ ഭാഗ്യമാണ്. അവരിൽ നിന്ന് താൻ ഒരുപാട് പാഠങ്ങൾ ഉൾക്കൊണ്ടു. തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിൽ അമ്മയുടെ അനുഗ്രഹമുണ്ടെന്ന് താൻ വിശ്വസിക്കുന്നു. അവർക്ക് ജനം നൽകിയ വാത്സല്യം തനിക്കും അതേരീതിയിൽ ലഭിക്കുന്നുവെന്ന് ബാംസുരി പറഞ്ഞു.

അരവിന്ദ് കെജരിവാളിന്റെ സ്വാർഥ രാഷ്ട്രീയതാത്പര്യം മൂലം കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്. അതിനായി നിയമപരമായ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്നും ബാംസുരി പറഞ്ഞു. ഡൽഹിയെ ഒരു സ്റ്റാർട്ട് അപ്പ് ഹബ്ബാക്കും. അവിടെ സ്ത്രീ ശാക്തീകരണത്തിന് സഹായമാകുന്ന നിലയിൽ സ്വയം സഹായസംഘങ്ങൾ രൂപീകരിക്കും. ഡൽഹിയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ബാംസുരി പറഞ്ഞു.

ബിജെപിയുടെ യുവ സ്ഥാനാർത്ഥിക്കെതിരെ മണ്ഡലം തിരിച്ചു പിടിക്കുന്നതിനായി മുതിർന്ന നേതാവും അഭിഭാഷകനുമായ സോംനാഥ് ഭാരതിയെയാണ് ആം ആദ്മി നിയോഗിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ പ്രധാനിയാണ് അഭിഭാഷകനായ സോംനാഥ് ഭാരതി. സുപ്രീംകോടതിയിലേയും ഡൽഹി ഹൈക്കോടതിയിലേയും അഭിഭാഷകനായിരുന്നു. മാളവ്യനഗറിൽ നിന്നു 3 തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു.