കൊപ്പൽ: കൊപ്പൽ ജില്ലയിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ നയിക്കുന്നത് ദുരിത ജീവിതം. കർണാടകയിലാണ് സംഭവം നടന്നത്. ലേഡീസ് ഹോസ്റ്റലിലെ ശൗചാലയങ്ങൾക്കും കുളിമുറികൾക്കും വാതിലുകളില്ലെന്ന് വ്യാപകമായി പരാതി ഉയരുകയും ചെയ്തിരുന്നു. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലേഡീസ് ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപികയെ സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്.

കൊപ്പൽ താലൂക്കിലെ ബേട്ടഗെരിയിലുള്ള കസ്തൂർഭ ഗാന്ധി ബാലിക വിദ്യാലയത്തിനെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നത്. ഹോസ്റ്റലിൽ തങ്ങൾക്ക് മതിയായ സുരക്ഷിതത്വമോ വൃത്തിയുള്ള ചുറ്റുപാടോ ശുചിമുറികൾക്ക് വാതിലുകളോ പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി വിദ്യാർത്ഥിനികൾ രംഗത്ത് വന്നിരിന്നു.

പരാതികൾക്ക് പിന്നാലെ ജനുവരി 16ന് സമഗ്ര ശിക്ഷണ വകുപ്പ് അസിസ്റ്റന്റ് കോർഡിനേറ്റർ എച്ച്. അഞ്ജിനപ്പ കസ്തൂർഭ ഗാന്ധി ബാലിക വിദ്യാലത്തിൽ പരിശോധന നടത്തിയിരുന്നു. പെൺകുട്ടികളുടെ പരാതി സത്യമാണെന്ന് പരിശോധനയിൽ വ്യക്തമായി. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം മലിനമാണെന്നും കൊതുകിനെ പ്രതിരോധിക്കാനാവശ്യമായ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും പരിശോധനയിൽ പറയുന്നു .