- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് കയറ്റുമതി: ഇന്ത്യ രണ്ടാം സ്ഥാനത്ത്
ന്യൂഡൽഹി: ബീഫ് കയറ്റുമതിയിൽ ലോകത്തെ രണ്ടാമത്തെ രാജ്യമെന്ന സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്ക് പുറകിൽ യുഎസ് മൂന്നാം സ്ഥാനത്തെത്തിയപ്പോൾ മുമ്പ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയ നാലാമതായി. പരിസ്ഥിതി-മനുഷ്യാവകാശ സംഘടനയായ ഗ്രൂപ്പ് ഓഫ് ഗ്ലോബൽ വിറ്റ്‌നസിനെ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
2023ൽ 15 ലക്ഷം ടൺ മാട്ടിറച്ചിയാണ് ഇന്ത്യയുടെ കയറ്റുമതി. ഗോവധ നിരോധനം അടക്കം ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും നിലനിൽക്കുമ്പോഴാണ് ബീഫ് കയറ്റുമതിയിൽ രാജ്യം രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചുയർന്നത്. ബീഫ് കടത്തലുമായി ബന്ധപ്പെട്ട് നിരവധി കൊലപാതകങ്ങളും വർഗീയ കലാപവും ഇന്ത്യയിൽ അരങ്ങേറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ബീഫ് ഉല്പാദിപ്പിക്കുന്നതിൽ യുഎസ് ആണ് മുന്നിൽ. ഇതിൽ കൂടുതലും ആഭ്യന്തരമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഉല്പാദനത്തിൽ ഇന്ത്യ നാലാം സ്ഥാനക്കാരാണ്. അതേസമയം ഇറക്കുമതിയിലും ഉപഭോഗത്തിലും ചൈനയാണ് ഒന്നാം സ്ഥാനത്ത്.
ബ്രസീൽ അടക്കം ബീഫ് കയറ്റുമതിയിൽ മുന്നിലുള്ള രാജ്യങ്ങളിൽ വനനശീകരണം വേഗത്തിൽ ശക്തി പ്രാപിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. ബ്രസീലിൽ ജെബിഎസ്, മിനർവ, മാർഫ്രിഗ് എന്നീ മുന്നു കമ്പനികളാണ് ബീഫ് കയറ്റുമതി ചെയ്യുന്നത്. ഈ കമ്പനികൾ വ്യാപകമായ തോതിലാണ് വനനശീകരണം നടത്തുന്നത്. കന്നുകാലി വളർത്തൽ പരിസ്ഥിതിക്കും വനനശീകരണത്തിനും ആക്കം വർധിപ്പിക്കുന്നത് യുറോപ്യൻ യൂണിയൻ ഗൗരവമായി വിലയിരുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. കോഴിയിറച്ചി, പന്നിയിറച്ചി എന്നിവയുടെ കയറ്റുമതിയിലും ബ്രസീൽ തന്നെയാണ് മുന്നിൽ.