ചെന്നൈ: റേഷൻ കാർഡിൽ ഭാര്യയുടെ ചിത്രത്തിന് പകരം ബിയർ കുപ്പിയുടെ ചിത്രമാണെന്ന പരാതിയുമായി നിർമാണ തൊഴിലാളി. മധുര ചിന്നപ്പൂലംപെട്ടി സ്വദേശിയായ തങ്കവേൽ ആണ് സംഭവം ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകിയത്. അസംഘടിത നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനായി ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്തപ്പോഴാണ് തങ്കവേലിന് ഈ ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്.

വിവാഹിതയായ മകളുടെ പേര് അടുത്തിടെ റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്തിരുന്നു. പുതിയ കാർഡ് വരുന്നതിന് മുമ്പുള്ള താൽക്കാലിക ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്തപ്പോഴാണ് ചിത്രത്തിലുള്ള പിഴവ് ശ്രദ്ധയിൽപ്പെട്ടത്. ഭാര്യ ജയപ്രിയയുടെ ചിത്രത്തിന് പകരം ബിയർ കുപ്പിയുടെ ചിത്രമാണ് കാർഡിൽ പ്രത്യക്ഷപ്പെട്ടത്. ബിയർ കുപ്പിയുടെ ചിത്രമുള്ള റേഷൻ കാർഡ് സ്വീകരിക്കാൻ കഴിയില്ലെന്ന് ക്ഷേമനിധി ബോർഡ് അറിയിച്ചതോടെ തങ്കവേലിന് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിച്ചില്ല. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.