ബംഗളൂരു: കർണാടകയിലെ ബെല്ലാരി മുനിസിപ്പൽ കോർപറേഷനിൽ കോൺഗ്രസിന്റെ ഡി. ത്രിവേണി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 23 കാരിയായ ത്രിവേണിയെയാണ് മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ത്രിവേണി മാറി. കോൺഗ്രസിലെ തന്നെ ബി. ജാനകി എതിർപ്പില്ലാതെ ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ടാണ് കോൺഗ്രസ് ത്രിവേണിയെ സ്ഥാനാർത്ഥിയാക്കിയത്.

മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ആകെ 44 വോട്ടർമാരുണ്ടായിരുന്നു. അതിൽ ത്രിവേണി 28 വോട്ടുകൾ നേടി. ബിജെപിയുടെ നാഗരത്‌നമ്മയ്ക്ക് 16 വോട്ടുകൾ ലഭിച്ചു. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മറ്റാരും നാമനിർദേശ പത്രിക സമർപ്പിക്കാത്തതിനാൽ ബി.ജാനകിയുടെ തിരഞ്ഞെടുപ്പ് എതിരില്ലാതെയായിരുന്നു.

ആകെയുള്ള 39 വാർഡുകളിൽ 26 അംഗങ്ങളും അഞ്ച് പാർട്ടി ഇതര അനുഭാവികളുമായി കോർപറേഷനിൽ ശക്തമായ സാന്നിധ്യം സൃഷ്ടിക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞു. കോർപറേഷനിൽ ബിജെപിക്ക് 13 അംഗങ്ങളാണുള്ളത്. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തതാണ് മേയർ പദവി. ഡെപ്യൂട്ടി മേയർ സ്ഥാനം പട്ടിക വർഗ വിഭാഗത്തിനും.

21ാം വയസ്സിൽ കൗൺസിലറായി വിജയിച്ച ത്രിവേണിയുടെ അമ്മ സുശീലഭായ് മുൻ ബെല്ലാരി മേയറായിരുന്നു. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്ഥാനമേറ്റെടുത്ത ശേഷം മേയർ മാധ്യമങ്ങളോട് പറഞ്ഞു.