ബെം​ഗളൂരു: രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗിരിനഗർ സ്വദേശിയായ 32 വയസ്സുകാരൻ അരുൺകുമാർ ആണ് മരിച്ചത്.

തന്റെ മക്കാവു തത്ത അടുത്തുള്ള വൈദ്യുത തൂണിൽ പോയതിനെത്തുടർന്നാണ് വെള്ളിയാഴ്ച രാവിലെ അരുൺകുമാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. തത്തയെ താഴെയിറക്കാൻ സ്റ്റീൽ പൈപ്പുമായി കോമ്പൗണ്ട് മതിലിൽ കയറുകയായിരുന്നു അദ്ദേഹം.

രക്ഷാപ്രവർത്തനത്തിനിടെ, പൈപ്പ് അബദ്ധത്തിൽ ഉയർന്ന വോൾട്ടേജ് ലൈനിൽ തട്ടുകയും അരുൺകുമാറിന് ​ഗുരുതരമായ വൈദ്യുതാഘാതമേൽക്കുകയും ചെയ്തു. വൈദ്യുതാഘാതമേറ്റ് മതിലിൽ നിന്ന് താഴെ വീണ അദ്ദേഹത്തെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളർത്തുപക്ഷിയായ മക്കാവു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അരുൺകുമാറിന് ദാരുണാന്ത്യം സംഭവിച്ചത്.