ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ അമിതമായി മദ്യപിച്ച് അവശരാകുന്നവരെ സുരക്ഷിതമായി വീടുകളിലെത്തിക്കുന്നതിനും അപകടങ്ങൾ തടയുന്നതിനും കർണാടക സർക്കാർ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ലഹരി ശമിക്കുന്നതുവരെ ആളുകൾക്ക് വിശ്രമിക്കാൻ 15 പ്രത്യേക കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അമിതമായി മദ്യപിച്ച് നടക്കാൻ കഴിയാത്തവരെയും ബോധം നഷ്ടപ്പെട്ട അവസ്ഥയിലെത്തിയവരെയും മാത്രമാണ് പോലീസ് വീട്ടിലെത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവരെയും വീട്ടിലെത്തിക്കില്ലെന്നും ലഹരി മാറുന്നത് വരെ വിശ്രമകേന്ദ്രങ്ങളിൽ താമസിപ്പിച്ച ശേഷം തിരിച്ചയക്കുമെന്നും പരമേശ്വര വിശദീകരിച്ചു. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുവത്സരാഘോഷങ്ങളിൽ വലിയ ജനക്കൂട്ടം ഒത്തുകൂടുന്ന ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ബെലഗാവി, മംഗളൂരു എന്നിവിടങ്ങളിലാണ് പൊതുസ്ഥലത്ത് ലഹരിയുടെ അപകടങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ബെംഗളൂരു പോലുള്ള നഗരങ്ങളിൽ, സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ് പലപ്പോഴും എത്തുന്നത്. വലിയ ജനക്കൂട്ടം ഒത്തുകൂടുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സർക്കാർ കൂടുതൽ ജാഗ്രത പുലർത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ബാറുകൾക്കും പബ്ബുകൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും തിരക്കേറിയ സ്ഥലങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും തിക്കുംതിരക്കും ഒഴിവാക്കാനും സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകൾ തടയാൻ 160 ചെക്കിംഗ് പോയിന്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും. കമാൻഡ് സെന്ററുമായി ബന്ധിപ്പിച്ചിട്ടുള്ള ബോഡി ക്യാമറകൾ ധരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.