- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സമാന ചിന്താഗതിക്കാരെ ഒരുമിച്ച് നിൽക്കാം'; ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 21 പാർട്ടികളെ ക്ഷണിച്ച് കോൺഗ്രസ്; യാത്രയുടെ ലക്ഷ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെന്ന് മല്ലികാർജുൻ ഖാർഗെ; ആംആദ്മി പാർട്ടിയെ ഒഴിവാക്കി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ശ്രീനഗറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാന പ്രതിപക്ഷ പാർട്ടി നേതാക്കളെ ക്ഷണിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 'സമാന ചിന്താഗതിക്കാരാ'യ 21 രാഷ്ട്രീയ പാർട്ടികൾക്കാണ് ക്ഷണം. ഈ പാർട്ടികളുടെ അധ്യക്ഷന്മാർക്കു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കത്തയച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് കത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ശ്രീനഗറിൽ നടക്കുന്ന സമാപന സമ്മേളനത്തിലേക്ക് ഇടത് പാർട്ടികൾ അടക്കം 21 പാർട്ടികളെയാണ് ഖാർഗെ ക്ഷണിച്ചിരിക്കുന്നത്. പരിപാടിയിൽ ഈ പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുന്നത് യാത്രയുടെ ലക്ഷ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് നേതാക്കൾക്ക് അയച്ച കത്തിൽ ഖാർഗെ പറഞ്ഞു. യാത്രയുടെ തുടക്കം മുതൽ തന്നെ കോൺഗ്രസ് സമാന ചിന്താഗതിയുള്ള പാർട്ടികളുടെ സഹകരണം ക്ഷണിച്ചിരുന്നെന്നും ഖാർഗെ കത്തിൽ പറയുന്നു.
സിപിഎം, സിപിഐ, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജെഡിയു, ശിവസേന, ടിഡിപി, നാഷണൽ കോൺഫറൻസ്, എസ്പി, ബിഎസ്പി, ജെഎംഎം, ആർജെഡി, ആർഎൽഎസ്പി, പിഡിപി, എൻസിപി, എംഡിഎംകെ, വിസികെ, മുസ്ലിം ലീഗ്, കെഎസ്എം, എച്ച്എഎം, ആർഎസ്പി എന്നീ പാർട്ടികളെയാണ് കോൺഗ്രസ് ക്ഷണിച്ചിരിക്കുന്നത്. അതേസമയം, അരവിന്ദ് കെജരിവാളിന്റെ എഎപി,
മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജെഡിഎസ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് എന്നിവയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.
2022 ഡിസംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് രാഹുൽ യാത്ര ആരംഭിച്ചത്. 3,5700 കിലോമീറ്റർ സഞ്ചരിച്ചാണ് കശ്മീരിൽ യാത്ര അവസാനിക്കുന്നത്. ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ഊട്ടിയുറപ്പിക്കുന്നതിനാണു സമാപന സമ്മേളനത്തിലേക്ക് 21 രാഷ്ട്രീയ പാർട്ടികളെ കോൺഗ്രസ് നേതൃത്വം ക്ഷണിച്ചത്.
ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള ആം ആദ്മി പാർട്ടിയെ ക്ഷണിച്ചവരുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതു ശ്രദ്ധേയമായി. ചൈനയിൽ കോവിഡ് വ്യാപിച്ച സമയത്ത് ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമാക്കണമെന്ന് എഎപി ആവശ്യപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
''രാജ്യത്ത് വ്യാപിക്കുന്ന വിദ്വേഷത്തിനും അക്രമത്തിനുമെതിരെ സ്വയം പോരാടാനും സത്യത്തിന്റെയും ദയയുടെയും അക്രമരാഹിത്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും ഈ പരിപാടിയിൽ നാം പ്രതിജ്ഞാബദ്ധമാണ്. ഇതിനു പുറമെ ഭരണഘടനാ മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എല്ലാവർക്കും നീതി എന്നിവയുടെ സംരക്ഷണവും നമ്മുടെ ചുമതല തന്നെ'' പാർട്ടി അധ്യക്ഷന്മാർക്ക് അയച്ച കത്തിൽ ഖർഗെ ചൂണ്ടിക്കാട്ടി.
നിലവിൽ പഞ്ചാബിലൂടെയാണു യാത്ര പുരോഗമിക്കുന്നത്. വിവിധ മേഖലകളിൽനിന്നുള്ള ഒട്ടേറെ പ്രമുഖർ ഇതുവരെ യാത്രയുടെ ഭാഗമായി. അതേസമയം, വിവിധ പ്രാദേശിക പാർട്ടികൾ അതതു സംസ്ഥാനങ്ങളിലൂടെ യാത്ര നടക്കുന്ന സമയത്ത് അതിന്റെ ഭാഗമാകാതിരുന്നതും ശ്രദ്ധേയമായി. ഡൽഹിയിൽ ആംആദ്മി പാർട്ടിയും ഉത്തർ പ്രദേശിൽ സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി എന്നിവരും തെലങ്കാനയിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും യാത്രയോട് അകലം പാലിച്ചു.
മറുനാടന് മലയാളി ബ്യൂറോ