ജയ്പൂർ:സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ തടയുമെന്ന ഗുർജർ സമുദായ നേതാവിന്റെ ഭീഷണിയെ തുടർന്നുള്ള വിവാദത്തിൽ തലവെക്കാതെ സച്ചിൻ പൈലറ്റ്.ഗുജ്ജർ സമുദായ നേതാവായ വിജയ് സിങ് ബെയ്ൻസ്ലെയാണ് ഭാരത് ജോഡോ യാത്രക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര തടയാൻ ബിജെപി ശ്രമിച്ചാലും സംസ്ഥാനത്ത് വിജയകരമാകുമെന്ന് മാത്രമാണ് ഗുർജർ നേതാവിന്റെ ഭീഷണി സംബന്ധിച്ച ചോദ്യത്തോട് സച്ചിൻ പൈലറ്റ് പ്രതികരിച്ചത്.

യാത്രയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം.എന്നാൽ അവർ എത്ര കഠിനമായി ശ്രമങ്ങൾ തുടർന്നാലും ഭാരത് ജോഡോ യാത്ര വിജയിക്കുകതന്നെ ചെയ്യും. ചരിത്രപരമായി മാറുന്ന യാത്രയെ ഞങ്ങളെല്ലാവരും ഐക്യത്തോടെ സ്വീകരിക്കും.കോൺഗ്രസിന് ഇത് പുതിയൊരു തുടക്കമായിരിക്കുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

രാജസ്ഥാനിലെ പാർട്ടി പ്രശ്‌നങ്ങളുടെ പേരിൽ രാഹുലിന്റെ യാത്രയ്ക്ക് എന്തിനാണ് ദോഷം ചെയ്യുന്നതെന്നാണ്‌ ബെയ്ൻസ്ലയുടെ ഭീഷണി സംബന്ധിച്ച ചോദ്യത്തോട് സച്ചിൻ പൈലറ്റിനോട് അടുത്ത വൃത്തങ്ങളും പ്രതികരിക്കുന്നത്.തങ്ങളുടെ സമുദായത്തിൽ നിന്നുള്ള സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കുമെന്ന വാഗ്ദാനം കോൺഗ്രസ് പാലിക്കാത്തതിനാൽ രാഹുലിന്റെ യാത്ര തടയുമെന്നായിരുന്നു വീഡിയോ സന്ദേശത്തിലൂടെ വിജയ് സിങ് ബെയ്ൻസ്ല മുന്നറിയിപ്പ് നൽകിയത്.നിലവിലെ സർക്കാർ നാല് വർഷം പൂർത്തിയാക്കി. ഇനി ഒരുവർഷം കൂടിയാണ് ബാക്കിയുള്ളത്. ഇപ്പോൾ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ രാഹുലിന്റെ യാത്രയെ സ്വാഗതംചെയ്യും. മറിച്ചാണെങ്കിൽ എതിർക്കുമെന്നായിരുന്നു ബെയ്ൻസ്ലയുടെ മുന്നറിയിപ്പ്.