ബെംഗലൂരു: മുഡ ഭൂമി കുംഭകോണ കേസില്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സിദ്ധരാമയ്യയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.

ഗവര്‍ണര്‍ മനസ്സിരുത്തി എടുത്ത തീരുമാനം ആണെന്നും നടപടികളില്‍ തെറ്റില്ലെന്നും ജസ്റ്റിസ് എം നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു. കേസിലെ വസ്തുതകളില്‍ അന്വേഷണം വേണം. ഹര്‍ജി തള്ളുന്നു, കോടതി പറഞ്ഞു. സാധാരണ ഗവര്‍ണര്‍ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ അസാധാരണ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ തീരുമാനിക്കാം. അത്തരമൊരു സാഹചര്യം ആണിതെന്ന് ഹൈക്കോടതി പറഞ്ഞു

തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുതി നല്‍കിയ ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധമെന്നാണ് സിദ്ധരാമയ്യ വാദിച്ചത്. സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ ആവില്ലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് സിങ്വി വാദിച്ചു. ഗവര്‍ണറുടെ തീരുമാനം മനസ്സിരുത്തിയല്ലെന്നും സിങ്വി പറഞ്ഞ. എന്നാല്‍, ഗവര്‍ണറുടെ അനുമതി സ്വതന്ത്ര തീരുമാനമായി കാണാമെന്ന് കോടതി നിരീക്ഷിച്ചു.

പ്രദീപ് കുമാര്‍, ടിജെ എബ്രഹാം, സ്നേഹമയി കൃഷ്ണ എന്നിവരുടെ ഹര്‍ജിയെ തുടര്‍ന്ന് സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17, സെക്ഷന്‍ 218 പ്രകാരമാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതിക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയില്‍ ലോകായുക്തയില്‍ എബ്രഹാം പരാതി നല്‍കിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകന്‍ എസ് യതീന്ദ്ര, മുഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളിലാണ് പരാതി നല്‍കിയത്. ഭൂമി കുംഭകോണത്തില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും മുഡ, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് മറ്റൊരു ആക്ടിവിസ്റ്റായ സ്‌നേഹമയി കൃഷ്ണയും ആരോപിച്ചിരുന്നു.

തന്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ല്‍ സഹോദരന്‍ മല്ലികാര്‍ജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍ 2004-ല്‍ മല്ലികാര്‍ജുന ഇത് അനധികൃതമായി സ്വന്തമാക്കുകയും സര്‍ക്കാരിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തുവെന്ന് ആക്ടിവിസ്റ്റ് കൃഷ്ണ ആരോപിച്ചു. 2014ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാര്‍വതി ഈ ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി ബെംഗളൂരു മുതല്‍ മൈസൂരു വരെ ഒരാഴ്ചത്തെ പദയാത്ര നടത്തിയിരുന്നു.


ഗവര്‍ണറുടെ തീരുനമാനം കര്‍ണാടകത്തില്‍ വലിയ രാഷ്ട്രീയ വാക് പോരിന് വഴിതെളിച്ചിരുന്നു. താവര്‍ചന്ദ് ഗെഹ്ലോട്ട് ബിജെപി പ്രതിനിധിയെ പോലെയാണ് പെരുമാറുന്നതെന്നായിരുന്നു സിദ്ധരാമയ്യയുടെ ആരോപണം. ഓഗസ്റ്റ് 17 നാണ് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ തീരുമാനമെടുത്തത്.