ഡൽഹി: ബിഹാറിൽ വെള്ളപ്പൊക്കം കാരണം വലിയ നാശനഷ്ടങ്ങൾ സംഭവിച്ച ബിഹാറിൽ ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി വിവരങ്ങൾ. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൻ്റെ ഒരു ഭാഗം വെള്ളത്തിൽ മുങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ മുസാഫർപുരിലെ ഔറായ് ഡിവിഷനിലെ നയാഗാവിലാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്.

പൈലറ്റ് അടക്കമുള്ളവർ സുരക്ഷിതരാണെന്ന് വ്യോമസേനാ അധികൃതർ വ്യക്തമാക്കി.

ഹെലികോപ്റ്ററിൽ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് ഐ.എ.എഫ് ജവാൻമാർ ഉണ്ടായിരിന്നു. എഞ്ചിൻ തകരാറിലായതാണ് തുടർന്ന് അടിയന്തര ലാൻഡിങ്ങിന് നിർബന്ധിതമാകുകയായിരുന്നുവെന്നും പൈലറ്റിൻ്റെ മനസാന്നിധ്യം കാരണം വൻ അപകടം ഒഴിവായതായും അധികൃതർ പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടം റിപ്പോർട്ട് ചെയ്തയുടൻ സംസ്ഥാന ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.