ന്യൂഡൽഹി: ഡൽഹിയിൽ ആഫ്രിക്കൻ സ്വദേശിയായ ഫുട്ബോൾ കോച്ചിനോട് ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിക്കണമെന്നും അല്ലെങ്കിൽ പൊതു പാർക്കിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ. പട്പർഗഞ്ച് വാർഡ് (197) കൗൺസിലർ രേണു ചൗധരിയാണ് ആഫ്രിക്കൻ സ്വദേശിയോട് മോശമായി പെരുമാറിയത്. ഇതിന്റെ വീഡിയോ കൗൺസിലർ തന്നെ സ്വന്തം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞ 15 വർഷമായി ഈ പ്രദേശത്ത് താമസിക്കുകയും കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുകയും ചെയ്യുന്ന ആഫ്രിക്കൻ സ്വദേശിയോടാണ് കൗൺസിലർ കയർത്തത്. "നിങ്ങൾ ഇതുവരെ ഹിന്ദി പഠിച്ചിട്ടില്ല. എന്തുകൊണ്ട് പഠിച്ചില്ല? ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിച്ചില്ലെങ്കിൽ ഈ പാർക്ക് ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കില്ല," വീഡിയോയിൽ രേണു ചൗധരി പറയുന്നത് കേൾക്കാം. സമീപത്തുണ്ടായിരുന്നവർ ഇത് തമാശയായി എടുത്ത് ചിരിച്ചപ്പോൾ കൗൺസിലർ വീണ്ടും കടുപ്പിച്ചു സംസാരിച്ചു.

"ഇത് ചിരിക്കാനുള്ള കാര്യമല്ല, ഞാൻ ഗൗരവമായാണ് പറയുന്നത്. എട്ടുമാസം മുൻപ് ഞാൻ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയതാണ്. ഈ രാജ്യത്ത് നിന്ന് പണമുണ്ടാക്കുന്നുണ്ടെങ്കിൽ ഈ രാജ്യത്തെ ഭാഷയും പഠിക്കണം," അവർ പറഞ്ഞു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വ്യാപകമായ വിമർശനം ഉയരുകയും ചെയ്തതോടെ വിശദീകരണവുമായി കൗൺസിലർ രംഗത്തെത്തി. താൻ ആരെയും ഭീഷണിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആശയവിനിമയം സുഗമമാക്കാൻ വേണ്ടിയാണ് ഇത് പറഞ്ഞതെന്നുമാണ് രേണു ചൗധരിയുടെ വാദം.

ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ ഭൂരിഭാഗം ജീവനക്കാർക്കും ഇംഗ്ലീഷ് അറിയില്ലെന്നും അതിനാൽ ആശയവിനിമയത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അവർ പറഞ്ഞു. പാർക്ക് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഫീസ് അടയ്ക്കണമെന്ന് എട്ടുമാസം മുൻപ് ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് ഹിന്ദി അറിയില്ലെന്നായിരുന്നു ഇയാളുടെ മറുപടിയെന്നും കൗൺസിലർ വിശദീകരിച്ചു. ഹിന്ദി പഠിക്കാൻ ഇയാൾക്ക് ട്യൂട്ടറെ ഏർപ്പാടാക്കി നൽകാമെന്നും അതിന്റെ ചെലവ് താൻ വഹിക്കാമെന്നും താൻ ഓഫർ ചെയ്തിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

വിദേശികൾ ഇന്ത്യയിൽ താമസിക്കുമ്പോൾ ഹിന്ദി പഠിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അവർ തന്റെ നിലപാടിനെ ന്യായീകരിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ ജനപ്രതിനിധിയിൽ നിന്ന് ഉണ്ടായ ഈ പെരുമാറ്റം വംശീയമായ വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്.